യുവതിയെ ആംബുലൻസിൽ നിന്ന് പുറത്തിറക്കുന്നു Source: News Malayalam 24x7
KERALA

ആംബുലൻസ് യാത്രക്കിടെ വേദന കൂടി; ലക്ഷദ്വീപ് സ്വദേശി യാത്രാമധ്യേ പ്രസവിച്ചു

പ്രസവസംബന്ധമായ സങ്കീർണത മൂലം പ്രത്യേക ഹെലികോപ്റ്ററിൽ ആണ് ആന്ത്രോത്തിൽ നിന്നും ഇവരെ കൊച്ചിയിൽ എത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പ്രസവിച്ചു. ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്റർ മാർഗം നെടുമ്പാശേരിയിൽ എത്തിച്ച ലക്ഷദ്വീപ് സ്വദേശി നസീറ ബീഗമാണ് ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള അമ്മയും കുഞ്ഞും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

ലക്ഷദ്വീപിൽ നിന്ന് ഇന്നലെ വൈകീട്ട് അഞ്ചരയോടെ നെടുമ്പാശേരിയിൽ എത്തിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പ്രസവം. അത്താണി ജംഗ്ഷനിൽ എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന കൂടി. ആംബുലൻസ് ഡ്രൈവർ ലിനോയി പോൾ പൊലീസിന്റെ സഹായം തേടി.

ഉടൻ പൊലീസ് എത്തി വാഹനങ്ങൾ നിയന്ത്രിച്ച് ആംബുലൻസ് കടത്തിവിടുമ്പോഴേക്കും പ്രസവം നടന്നിരുന്നു. കൂടെയുണ്ടായിരുന്ന കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ഐഷാബി ആംബുലൻസിൽ പ്രസവം എടുത്തു. അമ്മയെയും കുഞ്ഞിനേയും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രസവസംബന്ധമായ സങ്കീർണത മൂലം പ്രത്യേക ഹെലികോപ്റ്ററിൽ ആണ് ആന്ത്രോത്തിൽ നിന്നും ഇവരെ കൊച്ചിയിൽ എത്തിച്ചത്. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

SCROLL FOR NEXT