തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അട്ടിമറി സാധ്യതയോ ദുരൂഹതയോ സംശയിക്കുന്നില്ലെങ്കിലും തീപിടിത്തതിന്റെ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വിശദ പരിശോധനകൾക്കായി ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ് സെൻട്രൽ ലബോറട്ടറിയിൽ അയച്ച് പരിശോധിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജ് ദേശ്മുഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയുണ്ടായ തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. 350 ലേറെ വാഹനങ്ങൾ അഗ്നിക്കിരയായ അപകടത്തിന്റെ കാരണം ഇനിയും ദുരൂഹമാണ്. എന്നാൽ സംഭവ സ്ഥലത്ത് നിന്നടക്കം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അപകടം നേരിൽ കണ്ട രണ്ട് ദൃക്സാക്ഷികളുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർ രണ്ട് പേരും വ്യത്യസ്ഥങ്ങളായ മൊഴി നൽകിയിരിക്കുന്നതാണ് പൊലീസിനെ കുഴക്കുന്ന പ്രശ്നം.
റെയിൽവേ ഇലക്ട്രിക്ക് ലൈനിൽ നിന്നും തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് സാക്ഷികളിൽ ഒരാളുടെ മൊഴി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഒന്നിന്റെ എൻജിൻ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് രണ്ടാമത്തെയാൾ പറയുന്നത്. ഫോറൻസിക് സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും പാർക്കിംഗ് കേന്ദ്രത്തിലെ സിസി ടിവി സംവിധാനത്തിന്റെ ഡിവിആറും പരിശോധിക്കുന്നതിലൂടെ കാര്യമായ തുമ്പുണ്ടാക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനായി ഹൈദരാബാദിലെ സെൻട്രൽ ലബോറട്ടറിയിൽ അയച്ച് പരിശോധന നടത്തും.
അപകട കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് നേരത്തെ ദക്ഷിണ റെയിൽവേ നൽകിയ വിശദീകരണം. ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയാത്തതും പൊലീസ് അന്വേഷണത്തിന് തരിച്ചടിയാണ്. അതേസമയം അപകടത്തിൽ വാഹനങ്ങൾ കത്തി നശിച്ച ഉടമകൾക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്നും ഇതിനാവശ്യമായ സഹായങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്തു വരുന്നതായുമാണ് റെയിൽവേ അധികൃതരും സ്വകാര്യ പാർക്കിങ് കരാറുകാരനും അറിയിക്കുന്നത്.