വാഴൂർ സോമൻ  
KERALA

വാഴൂർ സോമന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം

ന്യൂസ് ഡെസ്ക്

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ കുറ്റ്യാട്ടൂരിലെ പെരുവളത്തുപറമ്പ് സ്വദേശിനി പ്രവീണയാണ് മരിച്ചത്. സുഹൃത്തായ ജിജേഷ് ഇന്നലെ ഉച്ചയോടെയാണ് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ ജിജേഷ് ചികിത്സയിൽ തുടരുന്നു.

തികഞ്ഞ രാഷ്ട്രീയ മാലിന്യം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്കരൻ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഭാസ്കരൻ തൻ്റെ ദുരനുഭവം തുറന്നുപറഞ്ഞത്. ജൂണിൽ ശ്രീലങ്കൻ യാത്രക്കിടെ രാഹുൽ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചുവെന്നും മറുപടി അയച്ചപ്പോൾ രാഹുലിൻ്റെ മെസേജുകൾ തുടർച്ചയായി വന്നുവെന്നും ഹണി. രാഹുൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇത് തന്നോട് പറഞ്ഞതെന്നും ഹണി ഭാസ്കരൻ എഴുതി.

രാഹുൽ മാങ്കൂട്ടത്തലിനെതിരെ എഐസിസിക്ക് ലഭിച്ചത് ഒൻപതിൽ അധികം പരാതികൾ

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി പ്രവാഹം. ഒൻപതിൽ അധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാണ് പാർട്ടി നേതൃത്വത്തിൻ്റെ ആലോചന. എംഎൽഎ സ്ഥാനം ഒഴിയാൻ നിലവിൽ ആവശ്യപ്പെടില്ല. രാഹുലിനേയും ഇക്കാര്യം അറിയിച്ചതായും സൂചന.

അമ്മയിലെ മെമ്മറി കാർഡ് വിവാദം; എക്സിക്യൂട്ടീവ് യോഗത്തിൽ തമ്മിലടി

അമ്മയിലെ മെമ്മറി കാർഡ് വിഷയത്തിൽ അമ്മ എക്സിക്യൂട്ടിവിൽ തമ്മിലടി. കുക്കുപരമേശ്വരനും ശ്വേത മേനോനും അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. ജയൻ ചേർത്തല, മുത്തുമണി, അമ്പിളി എന്നിവരെ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായി തിരഞ്ഞെടുത്തു.

മദ്യപിച്ച് വാഹനം ഓടിച്ച മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെ ബൈക്ക് യാത്രികൻ | BIGGEST 

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്ത മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെ പരിക്കേറ്റ ബൈക്ക് യാത്രികൻ. ഇടിച്ചു തെറിപ്പിച്ചിട്ടും വാഹനം നിർത്താതെ പോയ വാഹനം പൊലീസാണ് തടഞ്ഞത് . വാഹനം ഓടിച്ചയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞതായും പരിക്കേറ്റയയാൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൊടൈക്കനാൽ അടക്കം തമിഴ്‌നാട്ടിൽ പത്ത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

കൊടൈക്കനാലിലെ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. ഡിണ്ടിഗൽ, തെങ്കാശി, ചിദംബരം അടക്കം പത്ത് എസ്ഡിപിഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2019ൽ പിഎംകെ നേതാവ് കൊല്ലപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.

ഹേമചന്ദ്രൻ വധക്കേസിൽ വീണ്ടും സാംപിൾ എടുത്തു

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ മൃതദേഹ സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധന നടത്താൻ വീണ്ടും സാംപിൾ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സംഘമാണ് സാംപിൾ എടുത്തത്.

മാമിയെ കാണാതായിട്ട് രണ്ട് വർഷം; എങ്ങുമെത്താതെ ക്രൈം ബ്രാഞ്ച് അന്വേഷണം

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ബാലുശ്ശേരി സ്വദേശി ആട്ടൂർ മുഹമ്മദ് എന്ന മാമിയെ കാണാതായിട്ട് രണ്ട് വർഷം. ഇതുവരെയും ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. മാമിയുടെ ഡ്രൈവറുടെ മൊബൈൽ പരിശോധനയിൽ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. സെല്ലിൻ്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയലാണ് ഫോൺ കണ്ടെത്തിയത്. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12-ാം സെല്ലിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

സ്കൂൾ കോമ്പൗണ്ടിൽ നിന്ന് കണ്ടത്തിയത് മാരക സ്ഫോടക വസ്തുവെന്ന് പൊലീസ്

പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൻ്റെ പരിസരത്ത് പന്നി പടക്കം പൊട്ടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് കണ്ടത്തിയത് മാരക സ്ഫോടക വസ്തുവെന്ന് പൊലീസ്. ബോധപൂർവം സ്കൂളിൽ കൊണ്ടുവന്നുവെച്ചെന്നും എഫ്ഐആർ.

വ്യാജ രേഖ ചമച്ച് വോട്ട് ചേർത്തതിന് മലപ്പുറത്ത് അഞ്ചുപേർക്കെതിരെ കേസ്

വ്യാജ രേഖ ചമച്ച് വോട്ട് ചേർത്തതിന് മലപ്പുറത്ത് അഞ്ചുപേർക്കെതിരെ കേസ്. വോട്ടർമാർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി.

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജലസംഭരണിയിൽ മരപ്പട്ടിയുടെ ജഡം കണ്ടെത്തി

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജലസംഭരണിയിൽ ഇന്നലെയാണ് മരപ്പട്ടിയുടെ ജഡം കണ്ടെത്തിയത്. കളക്ടറേറ്റ് ഉൾപ്പെടെ മൂന്ന് ബ്ലോക്കുകളിലേക്ക് ഈ ടാങ്കിൽ നിന്നാണ് വെള്ളമെത്തുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം. രോഗബാധയിൽ മരിച്ച താമരശ്ശേരി സ്വദേശിനിയായ ഒമ്പതു വയസുകാരിയുടെ ഇളയ സഹോദരന് രോഗമില്ലെന്ന് പരിശോധനാ ഫലം. മറ്റൊരു സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.

എറണാകുളം പറവൂരിലെ യുവതിയുടെ ആത്മഹത്യയിൽ ആദ്യ അറസ്റ്റ്

എറണാകുളം പറവൂരിലെ യുവതിയുടെ ആത്മഹത്യയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന ദമ്പതികളുടെ മകൾ ദീപയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ദീപയുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമായിരുന്നു അറസ്റ്റ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. വി. സ്നേഹ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശനം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാഹുൽ മാറിനിൽക്കണം. ആരോപണങ്ങൾ എപ്പോഴും ചിരിച്ചുതള്ളാനാകില്ലെന്ന് ആർ. വി. സ്നേഹ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും. തുടർച്ചയായി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

"രാഷ്ട്രീയ മേഖലയ്ക്ക് നാണക്കേട്" ആർ. ബിന്ദു

ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യം. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമാണ് പ്രസ്ഥാനം നടപടിയെടുക്കണമെന്നും ആർ. ബിന്ദു

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മലപ്പുറത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറത്ത് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് പഞ്ചായത്ത് അംഗമായ ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്.

''മുന്‍ എംപിയുടെ മകളും ഇരയായി"

പിന്നാക്ക വിഭാഗമായതിനാല്‍ കുടുംബം അംഗീകരിക്കില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്മാറി. കെപിസിസി അധ്യക്ഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്.

രാഹുലിനെതിരെയുള്ള ശബ്ധ സംഭാഷണം ന്യൂസ് മലയാളത്തിന്

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദസംഭാഷണം ന്യൂസ് മലയാളത്തിന്. "ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും" എന്ന് രാഹുൽ യുവതിയോട് ചോദിക്കുന്നു.

പാലക്കാട്ടെ സ്കൂൾ മുറ്റത്തെ സ്ഫോടനം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്ടെ സ്കൂൾ മുറ്റത്തെ സ്ഫോടനത്തിൽ വിദ്യഭ്യാസ വകുപ്പ് ന്വേഷണം ആരംഭിച്ചു. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എഇഒയ്ക്ക് ജില്ലാ വിദ്യഭ്യാസ ഓഫീസറുടെ നിർദേശം.എഇഒ സ്കൂളിൽ പരിശോധന നടത്തി.

'ഉടൻ നടപടി' വേണം രാഹുലിനെതിരെ രമേശ് ചെന്നിത്തല

രാഹുലിനെതിരെ ഉടൻ നടപടി വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ഹൈമാൻഡിനോട് ആവശ്യപ്പെട്ടു.

"ഐഡു കേർ" റിനിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺ

I Do Care

I Always Do Care Politics and Politricks.

"ആ പെൺകുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാൻ അവർ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഞാൻ കരുതുന്നു."

"മെസ്സേജ് അയച്ചാൽ തൂക്കിക്കൊല്ലാൻ കഴിയില്ലല്ലോ" വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ്. നടപടിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, നടപടിക്ക് താൻ തന്നെ മുൻകൈയ്യെടുക്കുമെന്നും വി. ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ചെന്ന് സൂചന.

പരാതികളെല്ലാം വിശ്വസനീയം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫാത്തിമ തഹലിയ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. ലഭിച്ച പരാതികളെല്ലാം വിശ്വസനീയമാണ്. പരാതിയുമായി മുന്നോട്ടു വന്നവർക്ക് എല്ലാവിധ പിന്തുണയും നൽകും.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിലേക്ക് കോഴിയുമായി മഹിളാ മോർച്ചയുടെ മാർച്ച്

രാഹുൽ രാജി വെക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധ മാർച്ച്. കോഴിയുമായാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.

നാണംകെട്ട് രാജി; രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ലൈംഗിക ആരോപണങ്ങളിൽ മുഖം വികൃതമായതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. രാജി പാർട്ടിയും കൈവിട്ടതോടെ.

"പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രം, തനിക്കെതിരെ പരാതി വരട്ടെ അപ്പോള്‍ നോക്കാം" രാഹുൽ മാങ്കൂട്ടത്തിൽ

പരാതികൾക്ക് പിന്നാലെ ആരോപണങ്ങൾ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. പ്രവാസി എഴുത്തുകാരിയുടെ ആരോപണം അവർ തെളിയിക്കണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ആ വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണം; റിനി ആൻ ജോർജ്

ഒരു പാർട്ടിയേയും ആക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല, ഇത് വ്യക്തിപരമായ പ്രശ്നമല്ല. തിരുത്തേണ്ട നടപടിയെടുക്കേണ്ടത് പ്രസ്ഥാനമാണ്. റിനി മാധ്യമങ്ങളോട് പറഞ്ഞു.

"പിടിച്ചതിനേക്കാൾ വലുതാണ് മടയിൽ കിടക്കുന്നത്; സത്യപ്രതിജ്ഞയോട് നീതിപുലർത്തുന്നെങ്കിൽ രാജിവക്കണം"

പിടിച്ചതിനേക്കാൾ വലുതാണ് മടയിൽ കിടക്കുന്നത്, സത്യപ്രതിജ്ഞയോട് നീതിപുലർത്തുന്നെങ്കിൽ രാഹുൽ രാജിവക്കണമെന്ന് വി. എൻ. വാസവൻ. സംഭവിച്ചത് ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന കൂടുതല്‍ ചാറ്റ് പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന കൂടുതല്‍ ചാറ്റ് പുറത്ത്. ഗുളിക കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ചാറ്റ് ആണ് പുറത്ത് വന്നത്. ഡോക്ടറുടെ സാന്നിധ്യത്തിലല്ലാതെ കഴിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ ഡോക്ടര്‍ അവൈലബിള്‍ ആയാല്‍ മതിയെന്ന് രാഹുല്‍ മറുപടി പറയുന്നുണ്ട് ചാറ്റില്‍. ബ്ലീഡിങ്ങും മറ്റു പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് പറയുമ്പോള്‍ സാന്നിധ്യമൊന്നും വേണ്ട, അതിനൊക്കെയുള്ള മരുന്നുണ്ടെന്നും പറയുന്നുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. താമരശേരിയില്‍ രോഗം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴു വയസുകാരനാണ് പരിശോധനാഫലം പോസിറ്റീവായത്. പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളോടെ ചികിത്സയില്‍.

"ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ച്"; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി

 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിൻ്റോ സെബസ്റ്റ്യനാണ് പരാതിക്കാരൻ. ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് പരാതി.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവന്‍കുട്ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി

തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ആരംഭിച്ചു

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം മധുരയില്‍ തുടങ്ങി. 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള പരിപാടികളാണ് മാനാട് 2.0 എന്ന് പേരിട്ട രണ്ടാം സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുക. മൂന്ന് ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മധുര പരപതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ടിവികെ നേതൃത്വം അറിയിക്കുന്നത്. മധുര സമ്മേളനം വിജയിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ഏക്കര്‍ വിസ്തൃതിയുള്ള സമ്മേളന നഗരിയിലും അനുബന്ധ നഗരപ്രദേശത്തും വിപുലമായ സംവിധാനങ്ങളും കനത്ത സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാനാട് വേദിയിലേക്ക് സിനിമാ സ്റ്റൈലില്‍ വിജയ്

വേദിയിലേക്കെത്തുന്നത് 300 മീറ്റര്‍ നീളമുള്ള റാംപിലൂടെ

ആര്‍പ്പുവിളികളോട് ലക്ഷക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും

മാനാടിന് എത്തിയത് 3 ലക്ഷത്തിലേറെപ്പേരെന്ന് ടിവികെ

വിജയ് വരുന്ന റാംപിലേക്ക് ചാടിക്കയറി പ്രവര്‍ത്തകര്‍

2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നയം പ്രഖ്യാപിക്കും

വിജയ് നെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കും

രാഷ്ട്രീയ സഖ്യങ്ങള്‍ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും

വേദിയിൽ അണ്ണാദുരൈയുടേയും എംജിആറിൻ്റേയും ചിത്രങ്ങൾ

500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സമ്മേളന സ്ഥലത്ത് ഏകദേശം രണ്ട് ലക്ഷം പേർക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തമിഴക വെട്രി കഴകം മാനാട് 2.0

മാനാട് 2.0: വിജയ് ഉടന്‍ സംസാരിക്കും

തമിഴക വെട്രി കഴകം മാനാട്

വരുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം വിജയ് വേദിയിൽ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. എഐഎഡിഎംകെയുമായി സഖ്യം ചേർന്ന് മത്സരിക്കുമോ എന്ന കാര്യത്തിലും വിജയ് നിലപാട് പ്രഖ്യാപിക്കും.

മാനാട് 2.0: പാർട്ടി പതാക ഉയർത്തി വിജയ്

ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളായ പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർക്ക് പുഷ്പാർച്ചന നടത്തിയ ശേഷം, പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പാർട്ടി പതാക ഉയർത്തി. ശേഷം, വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു.

മാനാട് 2.0: 'ജനനായകനെ' കേള്‍ക്കാന്‍ ലക്ഷങ്ങള്‍

വിജയ്‌യെ വേദിയിലേക്ക് സ്വാഗതം ചെയ്തത് 'വരുംകാല മുഖ്യമന്ത്രി' എന്ന വിശേഷണത്തോടെ

വിജയ്

ടിവികെ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

മധുര ജില്ലയിലെ പരപതിയിൽ നടക്കുന്ന വിജയ്‌യുടെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തിൽ, തമിഴക വെട്രി കഴകം (ടിവികെ) ജനറൽ സെക്രട്ടറി എൻ. ആനന്ദും പാർട്ടിയുടെ പ്രചാരണ-നയകാര്യ ജനറൽ സെക്രട്ടറി കെ.ജി. അരുൺരാജും (ടിവികെയിൽ ചേരാൻ സ്വമേധയാ വിരമിച്ച മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ) പ്രവർത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്യുന്നു.

A Lion is always a lion ---വിജയ് സംസാരിക്കുന്നു

സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ്.

"സിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാം. A Lion is always a lion. There are so many jackals and other animals in the forest but there is only one lion. And even if he is single it will be the king of jungle. This is not only a description but a declaration," വിജയ് പറഞ്ഞു. വിജയ് തന്റെ പാർട്ടിയുടെ അണികളെ 'സിംഹകുട്ടികളെ' എന്നാണ് അഭിവാദ്യം ചെയ്തത്.

പ്രത്യയശാസ്ത്ര ശത്രു ബിജെപി, രാഷ്ട്രീയ ശത്രു ഡിഎംകെ - വിജയ്

പ്രത്യയശാസ്ത്ര ശത്രു ബിജെപിയെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയെന്നും രാഷ്ട്രീയ നയം ആവർത്തിച്ച് വിജയ്. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026ൽ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ.

2026 വിപ്ലവകരമായിരിക്കും. ടിവികെ അധികാരത്തിൽ വരുമെന്നും വിജയ്. ആർക്കും തടുക്കാനാകാത്ത ശക്തിയായി ടിവികെ മാറും. ഇത് അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ അടക്കം അടിസ്ഥാന വിഭാഗങ്ങളെ തുണയ്ക്കുന്ന സർക്കാർ ഉണ്ടാക്കും. പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർ വഴികാട്ടികളായ കക്ഷിയാണ് ടിവികെയെന്നും വിജയ്.

മോദി ജീ അവറുകളെ...രൂക്ഷവിമർശനവുമായി വിജയ്

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌ ജനതയുടെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എതിരെ കടന്നാക്രമണവുമായി വിജയ്. താമരയിലയിൽ വെള്ളം പിടിക്കില്ല. തമിഴ് ജനത അങ്ങനെയാണ്. എന്ത് വേഷം കെട്ടി വന്നാലും. ബിജെപിക്ക് 2026ൽ തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാകില്ലെന്നും വിജയ്.

മുസ്ലീം ജനവിഭാഗങ്ങളോട് ദ്രോഹം ചെയ്യാനാണോ മൂന്നാമതും മോദി അധികാരത്തിൽ വന്നത്. തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം അറസ്റ്റ് ചെയ്യാതിരിക്കാൻ മോദി സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നീറ്റ് പരീക്ഷ വേണ്ടെന്ന് പറയാന്‍ പറ്റുമോ? അദാനിക്ക് വേണ്ടി നടത്തുന്ന ഭരണമെന്നാണ് വിമർശനം. തമിഴ്നാടിനെ തൊട്ടാൽ എന്ത് നടക്കുമെന്ന് ഞങ്ങൾ കാട്ടിത്തരുമെന്നും വിജയ്.

"സ്റ്റാലിൻ അങ്കിൾ... നീങ്ക റോങ് അങ്കിൾ...."

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്. ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നാണ് ആരോപണം. നിങ്ങളുടെ ഭരണത്തിൽ എന്തെങ്കിലും നീതിയുണ്ടോ, സ്ത്രീ സുരക്ഷയുണ്ടോ എന്നും സ്റ്റാലിനോട് വിജയ്‌യുടെ ചോദ്യം.

"ഈ ശബ്‌ദം 2026ൽ തമിഴ്നാട്ടിൽ ഇടിമുഴക്കമായി മാറും"

ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിൾ കേൾക്കുന്നുണ്ടോ. ഈ ശബ്ദം 2026ൽ തമിഴ്നാട്ടിൽ ഇടിമുഴക്കമായി മാറും. എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും. തമിഴകം ടിവികെ പിടിച്ചടക്കും. എല്ലാത്തിനും തയ്യാറായാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇനി മുതൽ തനിക്ക് വേറെ ജോലിയില്ല, ജനസേവനം മാത്രമാണ് ജോലി. പറച്ചിലിലല്ല, ചെയ്യലിലാണ് തനിക്ക് വിശ്വാസമെന്നും വിജയ്

വാഴൂർ സോമന്‍ എംഎല്‍എയുടെ വിയോഗം: അനുശോചിച്ച് നിയമസഭാ സ്പീക്കർ

വാഴൂർ സോമന്‍ എംഎല്‍എയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. പീരുമേട് എംഎൽ എയുടെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവാണ് അദ്ദേഹം. മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന അദ്ദേഹം ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണ്.

റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും നിയമസഭാ സ്പീക്കർ.

പി.കെ. ഫിറോസിന്റെ സഹോദരന് ജാമ്യം

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പി.കെ. ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈര്‍, ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലാണ് ബുജൈറിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും കേസ് മാറ്റിവെക്കുകയായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വാഴൂര്‍ സോമന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ ആകസ്മിക വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സി.പി.ഐയുടെ പ്രധാന നേതാവുമായിരുന്നു.

നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ രീതി മാതൃകപരമാണ്. തൊഴിലാളി നേതാവ് എന്ന നിലയില്‍ തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂര്‍ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വഴൂര്‍ സോമന്റെ സംസ്‌കാരം നാളെ

രാവിലെ 11 നു ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാലുമണിക്ക് വണ്ടിപ്പെരിയാര്‍ വാളാഡിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം

വൈകുന്നേരം ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതാണ്: എം.എം മണി

വാഴൂര്‍ സോമന്റേത് പെട്ടന്നുണ്ടായ വിയോഗമെന്ന് എം.എം മണി. വൈകുന്നേരം ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതാണപെട്ടെന്നുണ്ടായ വിയോഗം. ഇടുക്കിയില്‍ ഇടതു പക്ഷ ജനാതിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിയോഗത്തില്‍ ദുഃഖം രേഖപ്പെത്തുന്നു.

വിടപറഞ്ഞത് തോട്ടംതൊഴിലാളി മേഖലയിലെ ശക്തനായ നേതാവ്: വി. എന്‍. വാസവന്‍

തിരുവനന്തപുരം: തോട്ടംതൊഴിലാളി മേഖലയിലെ ശക്തനായ പോരാളിയാണ് വാഴൂര്‍ സോമന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി വി. എന്‍ വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് പോരാട്ടം നയിച്ചിരുന്ന ജനപ്രതിനിധിയായിരുന്ന അദ്ദേഹം.

വാഴൂര്‍ സോമനും ഞാനുമായി നാല് പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ട്. ഒരു ജില്ലയിലെ അടുത്തടുത്ത പഞ്ചായത്തുകാരാണ് ഞങ്ങള്‍. കോട്ടയത്തെ വാഴൂരില്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കോട്ടയത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ എത്തിച്ചു, അവിടെ നിന്നും ഇടുക്കിയിലെ പീരുമേട് തോട്ടം തൊഴിലാളി മേഖലകളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു വാഴൂര്‍ സോമന്‍.

പലഘട്ടങ്ങളിലും തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സമരപോരാട്ടങ്ങളില്‍ സഖാവിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. പാര്‍ലമെന്ററി രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സഖാവ് കാഴ്ചവച്ചത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ദൃഢതയോടെ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു വാഴൂര്‍ സോമന്‍. കൂട്ടിക്കല്‍ ദുരന്തത്തിന്റെ സമയത്ത് രക്ഷാ പ്രവര്‍ത്തന രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ച സമയത്ത് അദ്ദേഹത്തിന്റെ നേതൃമികവ് ഞാന്‍ അടുത്തറിഞ്ഞതാണ്. അവസാനമായി ഇന്നലെയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെകുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. എല്ലാ രംഗത്തും സജീവമായി നിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനാജനകവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച വേദിയിലാണ് അദ്ദേഹം കുഴഞ്ഞ് വീണ് വിടപറഞ്ഞത്. സഖാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും, സഹപ്രവര്‍ത്തകരുടെയും ദുഖ:ത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പത്രകുറിപ്പില്‍ പറഞ്ഞു.

വാഴൂര്‍ സോമന്‍ അവസാനമായി പങ്കെടുത്ത ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയിൽ 

വാഴൂര്‍ സോമന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ടി. സിദ്ദീഖ് എംഎല്‍എ

സോമേട്ടന്റെ മരണം പെട്ടെന്നായിരുന്നു. ഉദ്യോഗസ്ഥര്‍ ആദ്യം പഞ്ചസാര പൊട്ടിച്ചു നല്‍കി. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. റവന്യൂ മിനിസ്റ്ററുടെ കാറില്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മനോഹരമായിട്ടായിരുന്നു സോമേട്ടന്റെ ഇന്നത്തെ പ്രസംഗം. പ്രസംഗത്തിനിടയില്‍ ഒരു വാചകം ഇന്ന് പറഞ്ഞിരുന്നു. ഞാനൊന്നും മരിച്ചാലും ഈ പ്രശ്‌നം തീരില്ല എന്നൊരു വാചകം പറഞ്ഞിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.

രാഹുല്‍ 'ബലാത്സംഗം' ചെയ്യണമെന്ന് പറഞ്ഞു; പരാതി നൽകുമെന്ന് ട്രാൻസ് വുമൺ അവന്തിക

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ട്രാൻസ് വുമൺ അവന്തിക. രാഹുൽ തന്നോട് മോശമായി സംസാരിച്ചു. കേരളത്തിന് പുറത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞുവെന്നുമാണ് ആരോപണം. രാഹുലിനെതിരെ പരാതി നൽകുമെന്നും അവന്തിക അറിയിച്ചു.

വാഴൂർ സോമന്റെ വിയോഗം:  എം.ബി. രാജേഷിന്റെ അനുശോചന സന്ദേശം

വാഴൂർ സോമൻ എംഎൽഎയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജനങ്ങളോട് തികഞ്ഞ പ്രതിബദ്ധതയുള്ള മികച്ച സാമാജികനായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനായ അദ്ദേഹം നിയമസഭയിൽ തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നത് സ്പീക്കറായി പ്രവർത്തിക്കുന്ന കാലത്തു തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹവുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്നു. മികച്ച ഒരു ജന നേതാവിനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വാഴൂർ സോമൻ എംഎൽഎയുടെ മൃതശരീരം ഇടുക്കിയിലേക്ക് കൊണ്ടുപോകുന്നു

നാളെ രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലെ ടൗൺ ഹാളിൽ പൊതു ദർശനം. നാളെ വൈകിട്ട് 4 ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

വാഴൂർ സോമന്റെ വിയോഗം വിയോഗം ഞെട്ടലുണ്ടാക്കി - വി.ഡി. സതീശന്‍

വാഴൂർ സോമൻ എംഎൽഎയുടെ വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഹോദരബന്ധമായിരുന്നു. സജീവമായി നിന്നിരുന്ന പൊതുപ്രവർത്തകൻ, ജനപ്രതിനിധി. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ്

കെഎസ്ആർടിസി എംപാനൽ ജീവനക്കാരൻ ജീവനൊടുക്കി

ശ്രീനിവാസൻ പിള്ള(52)

കെഎസ്ആർടിസി എംപാനൽ ജീവനക്കാരൻ ജീവനൊടുക്കി. വിതുര സ്വദേശി ശ്രീനിവാസൻ പിള്ള(52) ആണ് ജീവനൊടുക്കിയത്. ഭാര്യയുടെ അസുഖത്തെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക വിവരം. വിതുരയിലുള്ള പുരുഷ സ്വാശ്രയ സംഘത്തിൻ്റെ ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീനിവാസൻ പിള്ളയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വിതുര പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അഹോരാത്രം മുഴുകിയ എംഎല്‍എ: എം.വി. ഗോവിന്ദന്‍

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആകസ്മിക നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചിച്ചു. സംഘടനാ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായി ആത്മാര്‍ഥവും ജനകീയവുമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയതെന്ന് എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അഹോരാത്രം മുഴുകിയ എംഎല്‍എയായിരുന്നു വാഴൂര്‍ സോമന്‍. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച തൊഴിലാളി നേതാവാണ് അദ്ദേഹം.

പാവപ്പെട്ട ജനങ്ങളോട് അങ്ങേയറ്റം സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. ഭൂ പ്രശനം, പട്ടയ പ്രശ്‌നം എന്നിവയിലൊക്കെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമെന്നും എം.വി. ഗോവിന്ദന്‍.

കൊല്ലം ചിതറയില്‍ മൂന്ന് വയസുകാരിയെ തെരുവുനായ അക്രമിച്ചു

തലവരമ്പ് സ്വദേശി സൗമ്യയുടെ മകള്‍ ഹഫ്‌സക്കാണ് കടിയേറ്റത്. കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രയില്‍ വാതക ചോര്‍ച്ച: നാല് മരണം

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഫാര്‍മ കമ്പനിയില്‍ നൈട്രജന്‍ ചോര്‍ന്ന് അപകടം. നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍. കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്

SCROLL FOR NEXT