
പതിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ്, പത്തനംതിട്ടയില്‍ നിന്നും വൈറലായ വീഡിയോയുണ്ട്. 2011ല്‍, അന്നത്തെ എംജി സർവകലാശാല വിസിക്കെതിരെ സമരം നയിച്ച് എത്തുന്ന ഒരു കൂട്ടം കെ.എസ്.യു പ്രവര്‍ത്തകര്‍. അവര്‍ വിസിയുടെ കോലം കത്തിക്കാന്‍ ഒരുങ്ങുന്നു. അതിലൊരാള്‍ കോലത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ, മറ്റൊരാള്‍ അതിന് തീ കത്തിച്ചു, അവിടെയാകെ തീ പടര്‍ന്നു പ്രവര്‍ത്തകരുടെ വസ്ത്രങ്ങളിൽ തീപിടിച്ചു. ചിലര്‍ മുണ്ടഴിച്ചിട്ട് ഓടി, മൊത്തം ബഹളം. എന്നാല്‍ തീ അടങ്ങിയപ്പോള്‍ പ്രവര്‍ത്തകരെല്ലാം തിരിച്ചെത്തി വീണ്ടും യോഗം കൂടി. ഇന്നും യൂട്യൂബ് സെര്‍ച്ചില്‍ ലഭിക്കുന്ന ആ വീഡിയോയില്‍ ജാഥയും യോഗവും മുന്നില്‍നിന്ന് നയിച്ച, ഷേവ് ചെയ്ത കുറിതൊട്ട കെ.എസ്.യു നേതാവിനെ ശ്രദ്ധിച്ചിരുന്നു, അതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
കോണ്‍ഗ്രസിന്‍റെ സവിശേഷമായ അധികാര ശ്രേണിയും രാഷ്ട്രീയ വളര്‍ച്ചയും ഒരു നേതാവിനെ സൃഷ്ടിക്കുന്നില്ല, അവിടത്തെ സാഹചര്യത്തില്‍ ഉണ്ടായി വരുന്നു എന്നാണ് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് മനസിലാക്കാൻ പറ്റുക. 2019 കാലം വരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച കോണ്‍ഗ്രസില്‍ ഒരു സാധാരണ നിലയിലായിരുന്നു എന്ന് പറയാം. കെ.എസ്.യുവില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് അങ്ങനെ, എന്നാല്‍ അവിടെ നിന്നും ദൃശ്യമാധ്യമ ചര്‍ച്ചകളിലൂടെയാണ് രാഹുല്‍ ഒരു രാഷ്ട്രീയ താരമായി ശ്രദ്ധിക്കപ്പെടുന്നത്.
2020 കോവിഡ് കാലത്ത് സ്പ്രിങ്ക്‌ളര്‍ വിവാദം, തുടര്‍ന്നു വന്ന സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ എന്നിവയില്‍ എല്ലാം കോണ്‍ഗ്രസിന്‍റെ ടിവി ചർച്ചാ രംഗത്തെ ഒരു ഫയര്‍ ബ്രാന്‍ഡായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കോവിഡ് കാലത്ത് ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന കാലത്ത് രാഹുല്‍ അതിവേഗം ഒരു യൂത്ത് കോണ്‍ഗ്രസ് മീഡിയ ഐക്കണായി മാറി. ചെറുപ്പത്തിലെ തന്നെ വിദ്യാര്‍ഥി പ്രസ്ഥാനം വഴി തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം രാഹുലിനെ തിരിച്ചറിയുന്ന രീതിയിലേക്ക് രൂപപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പിണറായിയും എല്‍.ഡി.എഫും വീണ്ടും അധികാരത്തില്‍ എത്തി. പതിവ് കോണ്‍ഗ്രസ്, യു.ഡി.എഫ് ചാനല്‍ ചര്‍ച്ചാ മുഖങ്ങളെ കാണാതിരുന്ന ഒരു ഘട്ടത്തില്‍ മിക്ക ചാനലിലും രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫിനായി വാദിക്കാന്‍ എത്തിയിരുന്നു. അന്ന് പല യു.ഡി.എഫ് സോഷ്യൽ മീഡിയ ഹാന്‍ഡിലുകളും രാഹുലിന്‍റെ ചര്‍ച്ചാ ശകലങ്ങള്‍ ആശ്വാസത്തിന് വേണ്ടിയെങ്കിലും പങ്കുവയ്ക്കുന്നത് സാധാരണമായിരുന്നു.
വന്‍ വീഴ്ചയ്ക്കു ശേഷം കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി എത്തിയപ്പോള്‍ ആദ്യത്തെ ഒരു വാര്‍ത്ത സമ്മേളനത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേര് പരാമര്‍ശിച്ചതാണ്. 'ആ ചര്‍ച്ചയ്ക്കൊക്കെ പോകുന്ന പയ്യനുണ്ടല്ലോ, രാഹുല്‍.. അവരുടെ അഡ്രസ് ഇല്ല' എന്നാണ് പറഞ്ഞത്. അത് പിന്നീട് എതിരാളികള്‍ ട്രോളാന്‍ ഉപയോഗിച്ചെങ്കിലും രാഹുല്‍ നേതൃത്വത്തിലേക്ക് വരുന്നതിന്‍റെ സൂചനയായിരുന്നു അത്.
അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ അടുത്ത അനുയായി ആയാണ് രാഹുല്‍ പിന്നീട് കാണപ്പെട്ടത്. അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഗ്രൂപ്പ് സമവാക്യത്തില്‍ സ്വപ്നം കണ്ട പലരും ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഇവരുടെ എല്ലാം സ്വപ്നങ്ങള്‍ മായിച്ചാണ് തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത്. എന്നാല്‍ പിന്നാലെ വ്യാജ ഐഡി കാര്‍ഡ് വിവാദം വന്നു. ഇത്തരം വിവാദങ്ങളെ മറികടന്ന് തന്നെയാണ് രാഹുല്‍ പിന്നീട് കോണ്‍ഗ്രസില്‍ കളം പിടിച്ചത്. പിന്നീട് സമരങ്ങളിലും, ചാനല്‍ ചര്‍ച്ചകളിലും, സോഷ്യല്‍ മീഡിയയിലും എല്ലാം രാഹുല്‍ കളം നിറഞ്ഞ് കളിച്ചു.
വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ നിരയില്‍ ഷാഫിക്കൊപ്പം രാഹുലും ഉണ്ടായിരുന്നു. രാഹുലിന്‍റെ നീക്കങ്ങള്‍ ഒരു വിഭാഗത്തിന് കോണ്‍ഗ്രസില്‍ അസ്വസ്ഥതയുണ്ടാക്കി എന്നത് നേരാണ്. ഒരു പവര്‍ ഗ്രൂപ്പില്‍ അംഗമാണ് രാഹുല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിലെ രണ്ടാം നിരയില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഹുലിന്‍റെ പാലക്കാട്ടെ വിജയം, നിലമ്പൂരിലെ ഇടപെടല്‍ എല്ലാം ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ടായിരുന്നു. നിലമ്പൂരില്‍ ചാണ്ടി ഉമ്മന്‍റെ പ്രചാരണം 'റീല്‍ അല്ല റിയല്‍' എന്ന പേരില്‍ ചര്‍ച്ചയായത് പോലും ഇതിന്‍റെ വെളിച്ചത്തിലായിരുന്നു. എങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തിയുള്ള ചേരിയിലെ പ്രധാനി എന്നതായിരുന്നു രാഹുലിന്‍റെ ഇമ്യൂണിറ്റി. പാലക്കാട് ഡോ. സരിൻ എതിർപക്ഷത്ത് സ്ഥാനാർഥിയായി എത്തിയതു പോലും രാഹുലിന്റെ സാന്നിധ്യം കൊണ്ടാണ് എന്നതാണ് നേര്.
പക്ഷേ, ഏതാനും ആഴ്ച മുന്‍പ് ഇടത് സര്‍ക്കിളുകളിലും കഴിഞ്ഞ ദിവസം മുതല്‍ റിനി എന്ന കോണ്‍ഗ്രസ് അനുഭാവിയായ നടിയുടെയും വെളിപ്പെടുത്തലുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഈ ഇമ്യൂണിറ്റിയെ തകര്‍ത്തുവെന്ന് പറയാം. രണ്ട് മൂന്ന് ആഴ്ച മുന്‍പ് ഒരു അഭ്യൂഹം പോലെ പടര്‍ന്ന ചില ഗോസിപ്പുകളെ 'ഹൂ കെയേഴ്സ്' എന്ന് പറഞ്ഞ് തള്ളിയ രാഹുലിന് ആ വാക്കുകളില്‍ തന്നെ തിരിച്ചടി ലഭിച്ചു. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അടൂരില്‍ നിന്നും പോയി പാലക്കാട് ജയിച്ച യുവ എംഎല്‍എയ്ക്ക് നഷ്ടമാകുന്നു.
രാജിവയ്ക്കുമ്പോഴും, പാര്‍ട്ടി നേതൃത്വം ചോദിച്ച് വാങ്ങിയ രാജിയെ സ്വയം പ്രതിരോധിച്ച് ആത്മവിശ്വസത്തോടെയാണ് രാഹുല്‍ നിന്നത്. ഇത്രയും കാലം ഗോസിപ്പായി നിന്നത് രാവിലെ മുതല്‍ വാര്‍ത്താ ചാനലുകളിലൂടെ ചാറ്റുകളും ഓഡിയോകളായും ഒഴുകിയിട്ടും പിടിച്ചുനില്‍ക്കുന്ന ഭാവത്തോടെ രാഹുല്‍ തല്‍ക്കാലം കളം വിട്ടു.
രാഹുലിന്‍റെ കോണ്‍ഗ്രസിലെ ഭാവി എന്താണ് എന്നത് ഇനി കാലം തീരുമാനിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം മുതല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് രാഹുലിനെതിരായി ഉയര്‍ന്ന ആരോപണങ്ങളുടെ പ്രഭവകേന്ദ്രം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് എന്നാണ്. ചില സൈബര്‍ പ്രവര്‍ത്തകര്‍ അല്ലാതെ ഈ ആരോപണങ്ങളുടെ തുടക്കം മുതല്‍ രാഹുലിനെ പ്രതിരോധിച്ച് ആരും എത്താത്തത് പ്രത്യേകിച്ച് ഷാഫി പറമ്പില്‍ അടക്കം പുലര്‍ത്തിയ മൗനം ശരിക്കും അതിന്‍റെ സൂചനയാണ് എന്ന് പറയാം.