എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിമൂലം വീട്ടമ്മ ജീവനൊടുക്കിയ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ. ആശയെ പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഭീഷണിപ്പെടുത്തുന്ന തെളിവുകൾ ന്യൂസ് മലയാളത്തിന്.
കോതമംഗലത്ത് യുവതി ജീവനൊടുക്കിയ കേസിൽ മുഖ്യപ്രതി റമീസിൻ്റെ കസ്റ്റഡി ഇന്നവസാനിക്കും. റമീസിൻ്റെ മാതാപിതാക്കളായ റഹിമോനേയും,ഷറീനയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മൂങ്കിൽമട സ്വദേശി ആറുച്ചാമി (45) ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ അർദ്ധരാത്രിയോടെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
വയനാട് പെരുന്തട്ടയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങും പ്ലാവുമടക്കമാണ് നശിപ്പിച്ചത് ഇന്ന് പുലർച്ചെയാണ് കാട്ടാന ഇറങ്ങിയത്
താരസംഘടന അമ്മ പുതിയ ഭരണ സമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക്. അംഗങ്ങൾക്കിടയിലെ ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. മെമ്മറി കാർഡ് വിവാദവും യോഗത്തിൽ ചർച്ചയാകും.
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ വിലയിരുത്തൽ. ഇന്നലെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി പരിശോധന നടത്തിയത്. അന്വേഷണ സമിതി ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ. കുടുംബം പോലെയുള്ള മണ്ഡലത്തിൽ സജീവമാണെന്നും, നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ. മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ല, വട്ടിയൂർക്കാവ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്നും കെ മുരളീധരൻ.
രേഖകൾ തിരുത്തി പ്രായപൂർത്തിയാകാത്തവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ ശ്രമിച്ച ഹിയറിങ് ഓഫീസറെ ചുമതലയിൽ നിന്ന് മാറ്റി. എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെയാണ് തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റിയത്. വിഷയത്തിൽ ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് തേടി.
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. സൗബിൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും. പ്രതികൾക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്നുമുതൽ വരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. താലൂക്ക്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ. 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ കൈകൂലി വാങ്ങിയതിൻ്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും സസ്‌പെൻഷൻ ചെയ്യുകയും ചെയ്തിരുന്നു.
മകൻ മർദിച്ച് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. സുധീഷ് റിമാൻഡിലാണ്.
മലപ്പുറം മഞ്ചേരി വായ്പാറ പടിയിൽ ബസ് ജീവനക്കാരും ഓട്ടോറിക്ഷക്കാരും തമ്മിലടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി അടി നടന്നത്. ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവറും പൊലീസിൽ പരാതി നൽകി. പരിക്കേറ്റവർ ചികിത്സയിൽ.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സംശയം പ്രകടിപ്പിച്ച് അന്വേഷണ സമിതി. ദിവസങ്ങളെടുത്ത് കമ്പി മുറിച്ചത് ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അത്ഭുതം. സെല്ലിൻ്റെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധത്തിൽ അവ്യക്തതയുണ്ട്. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. കാലപ്പഴക്കം ചെന്ന സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയെന്നും സമിതി.
മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്ന് വയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ശ്രവപരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. പനി വന്ന് ചേളാരിയിൽ ചികിത്സ തേടിയ കുട്ടിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ ലിങ്കുകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ലുലു ഗ്രൂപ്പിൻ്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു.
പ്രതിപക്ഷ സർക്കാരുകളെ ലക്ഷ്യമിട്ടാണ് അമിത് ഷായുടെ നീക്കം. ഒരു മുഖ്യമന്ത്രിയെ 30 ദിവസം കസ്റ്റഡിയിൽ എടുത്ത് മന്ത്രിസഭതന്നെ ഇല്ലാതാക്കാൻ കഴിയുന്ന നിയമമാണ് ഒരു ചർച്ചയും കൂടിയാലോചനയുമില്ലാതെ ബിൽ കൊണ്ടുവന്നത്. പ്രതിപക്ഷ സർക്കാരുകളെ തകർക്കുക എന്നതാണ് ലക്ഷ്യമെന്ന് ജോൺ ബ്രിട്ടാസ്.
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച പ്രാഥമിക അന്വേണ റിപ്പോർട്ട് സമർപ്പിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. റീ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തി. കേസിലെ പ്രതിയായ സതീഷ് ജാമ്യത്തിലാണ്.
കോൺഗ്രസുകാരുടെ പരാതിയിൽൽ 25 പേർക്കെതിരെയും സിപിഐഎം നേതാവിൻ്റെ പരാതിയിൽ 9 പേർക്കെതിരെയും കേസെടുത്തു. സംഘർഷത്തിലേക്ക് നയിച്ച പ്രതിഷേധം സംഘടിപ്പിച്ചതിന് കോൺഗ്രസുകാർക്കെതിരെ കേസ്.
പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ബിന്ദുവും പ്രദീപ് കുമാറും ഇന്നലെ മുതൽ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്ന് പൊലീസ്.
രാവിലെയാണ് മൂവാറ്റുപുഴ വിമലഗിരി ഇൻറർനാഷണൽ സ്കൂളിലെ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചത്. മൂവാറ്റുപുഴ മണിയംകുളം കവലയിലാണ് അപകടം നടന്നത്. ഇരുപതോളം വിദ്യാർഥികൾ ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ല. സ്കൂൾ വാഹനത്തിന് പിന്നിലേക്ക് വേഗതയിലെത്തിയ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.
നാലാം പ്രതി അനിൽകുമാറിനാണ് ഒരു മാസം പരോൾ അനുവദിച്ചത്. പരോൾ നൽകരുതെന പൊലീസ് റിപ്പോർട്ട് മറികടന്നാണ് പരോൾ അനുവദിച്ചത്.
തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. കെഎസ്‍യു അംഗമായ വിദ്യാർഥിയുടെ നോമിനേഷൻ കീറിയെറിഞ്ഞു. കണ്ണൂർ നഗരത്തിൽ വെച്ചും എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.
രോഗം ബാധിച്ച് മരിച്ച അനയയുടെ വീട്ടിലും, സമീപത്തെ കുളത്തിലും, പരിസര പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകൾ എന്നിവിടങ്ങളിലാണ് പരിശോധന. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പഠനസംഘമാണ് പരിശോധന നടത്തിയത്. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റിടങ്ങളും ഇന്ന് സന്ദർശിക്കും.
എംഎസ്എഫിന് ആധിപത്യമുള്ള കോളേജുകളിൽ യുഡിഎസ്എഫ് സഖ്യമില്ല. സഖ്യം കെഎസ്‍യുവിന് ശക്തിയുള്ള കാമ്പസുകളിൽ മാത്രം. കോൺഗ്രസ് നേതാക്കൾ വഴി കെഎസ്‍യുവിൽ സമ്മർദം ചെലുത്തുന്നുണ്ടന്നും ആരോപണം.
ബില്ലുകൾ ഒപ്പിടുന്നതിൽ ഗവർണർക്ക് വിവേചനാധികാരമുണ്ടോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ചില കാര്യങ്ങളിൽ ഗവർണർക്ക് വിവേചനാധികാരമുണ്ട്, ഗവർണറുടെ വിവേചനാധികാര പ്രയോഗം സംസ്ഥാന സർക്കാരിനെതിരെയല്ലെന്നും കേന്ദ്രം. പ്രഥമ സർക്കാരിൻ്റെ കാലത്ത് ഗവർണർമാർ സ്വതന്ത്രമായി പ്രവർത്തിച്ചുവെന്നും സോളിസിറ്റർ ജനറൽ. വിവേചനാധികാരം പ്രയോഗിച്ചതിന്റെ നിരവധി അനുഭവമുണ്ട്, അത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി. ഭരണഘടനാനുസൃതമായി മാത്രമേ വിവേചനാധികാരം പ്രയോഗിക്കാവൂ എന്നാണ് അംബേദ്കറുടെ വ്യാഖ്യാനമെന്നും കോടതി പറഞ്ഞു.
റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദേശം. റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തി. മഞ്ചേരി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ എന്നിവർക്കാണ് സസ്പെൻഷൻ.
പറവൂർ കോട്ടുവള്ളിയിൽ അയൽവാസികളുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. മുനമ്പം ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. അയൽവാസികൾ ഒളിവിലാണ്.
ആഭ്യന്തര മന്ത്രി അമിത്ഷാ ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുന്നു. ബില്ലിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ.
കർണാടകയിലെ ചിത്രദുർഗയിലാണ് 20 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായി പാതി കത്തിയ നിലയിലാണ് മൃതദേഹം. പെൺകുട്ടി ബലാത്സംഗത്തിനിരയായോ എന്ന് സംശയം.
ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് കുത്തിക്കൊലപ്പെടുത്തിയത്. എട്ടാം ക്ലാസുകാരനെ പൊലീസ് കസ്റ്റഡയിലെടുത്തു. സ്കൂളിന് പുറത്ത് വ്യാപക പ്രതിഷേധം
ധനുവച്ചപുരം കോളേജ് വിദ്യാർഥി ദേവജിത്തിനാണ് മർദനമേറ്റത്. ശരീരത്തിൽ മാരകായുധം കൊണ്ട് മർദിച്ചതിൻ്റെ പാടുകൾ. എബിവിപിയുടെയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് കാരണമെന്നും വിദ്യാർഥി പറഞ്ഞു.
വിവാദ ബില്ലിന്റെ പൂര്‍ണരൂപം കണ്ടിട്ടില്ല. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ബില്‍. അധികാര സംവിധാനങ്ങള്‍ക്ക് കസ്റ്റഡി നീട്ടുക എന്നുള്ള സൗകര്യം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ബില്ലുകളെ സംബന്ധിച്ച് സംശയത്തോടെ നോക്കി കാണാന്‍ കഴിയുകയുള്ളൂ. രാഷ്ട്രീയം ക്രിമിനല്‍ വല്‍ക്കരണത്തില്‍ നിന്ന് മുക്തമാകണം എന്ന നിലപാടിനോട് എല്ലാവര്‍ക്കും നല്ല യോജിപ്പാണ് ഉള്ളത്. എന്നാല്‍ അതിന്റെ മറവില്‍ തങ്ങളുടെ ചില താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ?. ഭരണസംവിധാനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗപ്പെടുത്തുന്നു. ഗൗരവതരമായി പ്രശ്‌നത്തെ കാണേണ്ടതുണ്ട്. അമിതാധികാരം ഇഡിക്ക് നല്‍കുന്ന നിയമത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി തന്നെ ശരിവെച്ച നടപടികള്‍ റിവ്യൂ ചെയ്യാന്‍ വിധേയമായി കൊണ്ടിരിക്കുകയാണ്
കൊച്ചിയിൽ എന്‍എം നെടുംപറമ്പിൽ നിധി നെഡ്സ്റ്റാർ ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തിൽ സ്ഥിര നിക്ഷേപം നടത്തിയവരിൽ നിന്ന് പണം തട്ടിയതായി പരാതി. കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാർക്ക് പണം മടക്കി നൽകിയില്ല. നൂറുകോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. നിക്ഷേപകരുടെ പരാതിയെ തുടർന്ന് ബ്രാഞ്ച് മാനേജർമാർ ഉൾപ്പെടെ ജീവനക്കാർ ഹെഡ് ഓഫീസിനു മുൻപിൽ പ്രതിഷേധിക്കുന്നു.
തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് എംകെകെ നായർ നഗർ ജേക്കബ്സ് എൻക്ലേവിൽ താമസിക്കുന്ന കിഴവന ആൻ്റണിക്കാണ് കുത്തേറ്റത്. മകൻ ഡിക്സൻ ആൻ്റണി(52) ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് സംഭവം.
കറിക്കത്തി കൊണ്ടാണ് ഡിക്സൻ പിതാവിനെ കുത്തിയത്. കഴുത്തിലും കൈക്കും കുത്തേറ്റിട്ടുണ്ട്. ഫ്ലാറ്റിലുള്ളവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആൻ്റണിയെ താലൂക്ക് ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റത്തിന് 30 ദിവസം വരെ തടവിലാക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പുറത്താക്കാന്‍ നിർദേശിക്കുന്ന വിവാദ ബില്‍ അമിത് ഷായ്ക്ക് നേരെ കീറിയെറിഞ്ഞ് പ്രതിപക്ഷം. പ്രതിഷേധത്തെ തുടർന്ന് അമിത് ഷാ ഒന്നാം നിരയില്‍ നിന്ന് മാറി. മൂന്നാം നിരയില്‍ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ബില്‍ അവതരിപ്പിച്ചത്.
ബില്‍ ചർച്ച ചെയ്യാനായി 31 അംഗ സംയുക്ത പാർലമെന്റ്ററി കമ്മിറ്റിയെ രൂപീകരിച്ചു. ജെപിസിയിലെ 21 അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നുമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അഞ്ച് മണി വരെ നിർത്തിവെച്ചു.
കോഴിക്കോട്: ജില്ലയില്‍ യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നതിനെ ചൊല്ലി വിവാദം. ചാണ്ടി ഉമ്മനോട് താനാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്നും എന്തുകൊണ്ട് വിട്ടുനിന്നെന്ന് അന്വേഷിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
ഡിസിസി പ്രസിഡൻ്റ് പറഞ്ഞത് പാർട്ടിയിൽ തീർത്തോളാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റത് രമ്യ ഹരിദാസാണ്. സാഹചര്യം ഉണ്ടായാൽ പങ്കെടുക്കാമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വിവാദത്തിന് പിന്നിൽ ടി. സിദ്ദീഖ്- ഷാഫി പറമ്പിൽ ഗ്രൂപ്പുകളുടെ തർക്കമാണെന്നാണ് സൂചന. എന്നാൽ വിവാദത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ നേരിട്ട് ഡിസിസി ഓഫീസിലെത്തി പ്രവീൺ കുമാറിനെ കണ്ടു. അനാവശ്യ വിവാദം ഉണ്ടാക്കി മാധ്യമങ്ങൾ പരസ്പരം തെറ്റിക്കാൻ നോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പ്രതികരിച്ചു.
ദര്യഗഞ്ചിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു...
പി.കെ. ബുജൈറിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ലഹരി പരിശോധനയ്ക്കിടെ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസിലെ ജാമ്യാപേക്ഷയിലാണ് നാളെ വിധി പറയുക.
കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബുജൈറിൻ്റെ ജാമ്യം തള്ളിയിരുന്നു. മുസ്ലീം ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈർ.
കേരളം രാജ്യത്ത് ഏറ്റവും മാധ്യമസ്വാതന്ത്ര്യം ഏറ്റവും ഉറപ്പുവരുത്തുന്ന സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകൂട്ടം മാധ്യമങ്ങൾ സർക്കാരിനെ കരിവാരി തേക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയന്‍.
വാർത്ത എഴുതിയതിന്റെ പേരിൽ ഏതെങ്കിലും മാധ്യമപ്രവർത്തകന് സർക്കാരിൻ്റെ ഭാഗത്തുനിന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സർക്കാരിൽ രഹസ്യമായിരിക്കേണ്ട ഒരു രേഖ പുറത്തുപോയതിന്റെ കാര്യം ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകനെ വിളിച്ചു ചോദിച്ചിട്ടുണ്ടോ? എന്നാൽ സർക്കാർതലത്തിൽ അത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി.
കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ ബസ് മറിഞ്ഞ് അപകടം. പാലങ്ങാട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് ബസ് മറിഞ്ഞത്. എളേറ്റില്‍ ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസാണ് അപകടത്തില്‍പെട്ടത്. പത്ത് വിദ്യാര്‍ഥികളടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റു. പത്ത് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബാക്കിയുള്ളവരെ ഇഎച്ച് ആശുപത്രിയിലേക്കും മാറ്റി. അമിത വേഗതയില്‍ പോയ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
ആദ്യ എക്സിക്യൂട്ടീവ് യോഗം നല്ല രീതിയിൽ നടന്നതായി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന്‍. മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മിറ്റിയുണ്ടാകുമെന്ന് ശ്വേത അറിയിച്ചു.
വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയിൽ ഉയർന്നുവന്നു. പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും അമ്മ പ്രസിഡന്റ്.
പാലക്കാട് സ്കൂൾ പരിസരത്ത് പന്നി പടക്കം പൊട്ടി കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ പരിസര പ്രദേശത്ത് നിന്ന് ലഭിച്ച പന്നിപ്പടക്കം എറിയുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. മൂത്താന്‍തറ ദേവി വിദ്യാനികേതൻ സ്കൂളിലാണ് സംഭവം.
ഗവര്‍ണര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. രാജ്യത്തെ മികച്ച കലാലയങ്ങളില്‍ 21 ശതമാനവും കേരളത്തിലാണ്. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് വിസി നിയമനം ഉള്‍പ്പെടെയുള്ളതില്‍ ഗവര്‍ണര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ചാന്‍സിലറുടെ ശ്രമം. ഒരു ബില്ലില്‍ പോലും ഒപ്പ് വെക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരണ പരിഷ്‌കൃതങ്ങള്‍ എങ്ങനെ നടത്താം എന്നാണ് സംഘപരിവാര്‍ ഗവേഷണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഇടപെടല്‍ നടക്കുന്നത് ഖേദകരമാണ്. ഗവര്‍ണര്‍മാര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ചട്ടുകമായി മാറി. എന്തിനാണ് ഭാരതാംബ വിവാദം. ആ വിവാദം സര്‍വ്വകലാശാല വരെ കൊണ്ടുപോയത് എന്തിന്. ഇത് സംഘടിതമായ ഗൂഢാലോചനയുടെ ഭാഗം. വിഭജന ഭീതി ദിനം എന്നത് കേട്ട് കേള്‍വി ഇല്ലാത്തതാണ്. ഭരണഘടന മൂല്യങ്ങളെ കളിയാക്കി ചിരിക്കുന്ന തരത്തിലാണ് ഈ ദിനം ആചരിക്കുന്നതെന്നും മന്ത്രി.
കലൂര്‍ തൊടുപുഴ റൂട്ടിലെ എല്‍.എം.എസ് (ലീല മോട്ടോഴ്‌സ്) നെതിരെയാണ് പരാതി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കാക്കനാട് അത്താണി ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ കയറ്റിയില്ലെന്ന് പരാതിയില്‍ പറയുന്നു. മോറക്കാല സെന്റ് മേരിസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ കെ.വി വിസ്മയ, എ.എന്‍ പാര്‍വതി, പി.ആര്‍ അശ്വതി എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്.
പിന്നീട് മണിക്കൂറുകള്‍ കാത്തിരുന്നു കെ.എസ്ആര്‍ടിസി ബസിലാണ് ഇവര്‍ സ്‌കൂളില്‍ എത്തിയത്. ഇതോടെയാണ് പരീക്ഷ എഴുതാന്‍ വൈകിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഇന്‌ഫോഴ്‌മെന്റ് ആര്‍.ടി.ഒക്കും, പോലീസിനുംകൊടുത്ത പരാതിയില്‍ പറയുന്നു.
വിലങ്ങാട് ദുരന്തബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം 9 മാസം കൂടി നീട്ടി. റവന്യൂ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പുതിയ പരാതികളില്‍ അര്‍ഹരായവര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഉരുള്‍പ്പെട്ടലില്‍ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരും.
പാലക്കാട് വടക്കന്തറയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം പ്രൈമറി സ്‌കൂളിലാണ് സ്ഫോടനം. ചെറിയ കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളിനെ പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഞടട ന്റെ തീവ്ര രാഷ്ട്രീയമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കലാപത്തിന് കോപ്പുകൂട്ടാനും ഞടട ആസൂത്രണം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. സ്‌കൂള്‍ മാനേജ്മിന്റിനെ കേന്ദ്രീകരിച്ചും സ്ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയെന്നും വിശദമായി അന്വേഷിക്കണമെന്നും.തുടര്‍ നടപടികള്‍ സ്വികരിക്കണമെന്നും ആവശ്യപ്പെടുന്നു. സ്‌കൂളുകളിലെ ഇത്തരം തീവ്രവാദ പ്രവര്‍ത്തനം ശക്തമായി പ്രതിരോധിക്കും. ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും എസ് എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അഭിഷേക് വി വി സെക്രട്ടറി വിപിന്‍ എസ് എന്നിവര്‍ പ്രസ്താവനയിലുടെ അറിയിച്ചു.
കുറ്റമറ്റ അന്വേഷണം നടത്തണം: കെഎസ്‌യു
പാലക്കാട്: വടക്കന്തറയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ എങ്ങനെ സ്‌ഫോടക വസ്തു എത്തി എന്നുള്ളത് ഏറെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന് പിന്നില്‍ ആര്‍ക്കൊക്കെയാണ് പങ്കുള്ളത് എന്നതില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് കെ എസ് യു ആവശ്യപ്പെടുകയാണ്. കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ അശാന്തിയുടെ ഭീതി പടര്‍ത്തുന്നവരെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്‌കൂളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഇടങ്ങളായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തെ നിയന്ത്രിക്കുന്നത്. അത് സംഭവത്തിന്റെ ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. എത്രയും വേഗം ശക്തമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.