തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ പ്രതിഷേധം. മന്ത്രിസഭാ രൂപീകരണത്തിൽ നീതിപൂർവമായ നിലപാട് എടുത്തില്ലെന്നാണ് ആക്ഷേപം. ലത്തീൻ സമുദായം വോട്ട് നൽകിയത് കോൺഗ്രസിനാണ്.
കേരളത്തിൽ ജനാധിപത്യ ബോധമുള്ള എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ലത്തീൻ സമുദായ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. സമുദായത്തിൻ്റെ നിലപാട് കോൺഗ്രസ് നേതൃത്വത്തിനും ബോധ്യമുള്ളതാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
എന്നാൽ മന്ത്രിസഭാ രൂപീകരണത്തിലും മറ്റും അക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് നീതിപൂർവമായ ഒരു നിലപാട് അല്ല കോൺഗ്രസ് പാർട്ടി കൈക്കൊണ്ടതെന്ന് സംസ്ഥാന പ്രസിഡൻ്റ് ഷെറി.ജെ.തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
പരസ്യ പിന്തുണ നൽകിയിട്ടും വേണ്ടത്ര പരിഗണന മന്ത്രിസഭയിൽ കിട്ടിയില്ലെന്ന് ആരോപിച്ച് ലത്തീൻ സഭ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. സഭയ്ക്ക് നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിൻ്റെ താൽപ്പര്യം പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.