Source: FB
KERALA

"ചർച്ച ചെയ്തിരുന്നെങ്കിൽ ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുമായിരുന്നു"; ഷിബു ബേബി ജോണിനായി നിലപാട് കടുപ്പിച്ച് ലത്തീൻ സഭ

തീരദേശവുമായി വലിയ ബന്ധമുള്ള ആളാണ് ഷിബു ബേബി ജോണെന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഷിബു ബേബി ജോണിനായി നിലപാട് കടുപ്പിച്ച് ലത്തീൻ കത്തോലിക്കാ സഭ. തീരദേശവുമായി വലിയ ബന്ധമുള്ള ആളാണ് ഷിബു ബേബി ജോണെന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര ന്യൂസ് മലയാളത്തോട് പറഞ്ഞു. ഷിബു ബേബി ജോണുമായി ചർച്ച ചെയ്തിരുന്നെങ്കിൽ ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുമായിരുന്നു. തീരദേശ മേഖലയിൽ നിന്ന് മന്ത്രിമാർ ഉണ്ടാകുമെന്ന് യുഡിഎഫ് വാഗ്ദാനം നൽകിയതാണ്. തീരദേശത്ത് നിന്ന് മാത്രം 40ഓളം ജനപ്രതിനിധികളുണ്ട്. തീരദേശമേഖലയെ വോട്ട് ബാങ്ക് മാത്രമായി കാണുന്ന രീതി അനുവദിക്കില്ലെന്നും യുജിൻ പെരേര പറഞ്ഞു.

ടേം വ്യവസ്ഥ പരിഗണിക്കണമെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു. വൈദഗ്ദ്ധ്യമുള്ളവർ തീരദേശത്തുനിന്ന് തന്നെ ജയിച്ചു വന്നിട്ടുണ്ട്. അവരെ വകുപ്പ് ഏൽപ്പിക്കണം. ഈ മേഖലയിൽ നിന്ന് മന്ത്രിമാർ ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയതാണ്. തീരദേശം അറിയാവുന്ന വ്യക്തിക്ക് വകുപ്പ് നൽകാൻ ധാരാളം മാർഗങ്ങളുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ടേമുകൾ നിശ്ചയിച്ച വകുപ്പുകളുണ്ട്. ചില വ്യക്തികളുടെയും ഇഷ്ടങ്ങളുടെയും താല്പര്യത്തിനനുസരിച്ചാണ് മന്ത്രിമാരെ നിശ്ചയിച്ചത്. ചില ആളുകളുടെ പോക്കറ്റിൽ വച്ചിരിക്കുകയാണ് ഈ മന്ത്രിമാരെ. ആ രീതി കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും യുജിൻ പെരേര പറഞ്ഞു.

ഈ മേഖലയെ വോട്ട് ബാങ്ക് മാത്രമായി കാണുന്ന സ്ഥിതിവിശേഷം ഇനി അനുവദിക്കില്ലെന്ന് യുഡിഎഫിന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. ഇത്തവണ തീരദേശത്ത് നിന്നു മാത്രം 40ഓളം ജനപ്രതിനിധികളുണ്ട്. ഈ മേഖലയെ പൂർണമായും അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. ആളുകൾ എന്നും വോട്ടുബാങ്കായി തുടരുമെന്ന ദിവാസ്വപ്നം ആർക്കും വേണ്ട. ഇക്കാര്യത്തിൽ പുനർവിചിന്തനം മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും യുജിൻ പെരേര പറഞ്ഞു.

SCROLL FOR NEXT