തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിനടുത്തുള്ള സുബാങ് റിയ പാർക്കിലെ തടാകത്തിന് സമീപമുള്ള ഇരുമ്പ് പാലത്തില്‍ കുരുക്ക് ഇട്ടാണ് 2006 നവംബർ 11-ന് മലേഷ്യൻ എഞ്ചിനീയർ ലീ സീ ബീന്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചത്. ആ ജീവാഹൂതിയില്‍ രൂപപ്പെട്ട കാറ്റ് രണ്ടായിരത്തോളം കിലോമീറ്റര്‍ അപ്പുറം കേരളത്തില്‍ ആഞ്ഞടിച്ചു, എന്നാല്‍ പിന്നീട് കെട്ടടങ്ങി. ലീയുടെ കഴുത്തില്‍ മുറുകിയ ആ കുരുക്ക് പോലെ 20 കൊല്ലത്തിന് അപ്പുറം രാജ്യത്തെ ഏറ്റവും വലിയൊരു ഭരണഘടന സ്ഥാപനത്തിലെ മുഖ്യന്‍റെ കരിയറിലേക്കാണോ ഈ കേസ് ഇനി കടന്നു ചെല്ലുന്നത്.
കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ നടത്തിയ നിര്‍ണ്ണായക നീക്കം ഇത്തരത്തില്‍ കാണേണ്ടതുണ്ട്. രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തെ പിടിച്ചുകുലുക്കിയ മലേഷ്യൻ എഞ്ചിനീയർ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന വാര്‍ത്ത ലക്ഷ്യം വയ്ക്കുന്ന പേര് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തന്നെ. കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് പിഡബ്യൂഡി സെക്രട്ടറിയായിരുന്നു കാലത്ത് നടന്ന ഈ ആത്മഹത്യയും അതിന് അനുബന്ധമായി ഉയര്‍ന്നുവന്ന വിജിലന്‍സ് കേസും പൊടിതട്ടിയെടുക്കുകയാണ് കേരള സര്‍ക്കാര്‍.
2026-ൽ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുകയും കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷം ഗ്യാനേഷ് കുമാറിന്റെ രാജി സജീവമായി ആവശ്യപ്പെടുന്നതിനിടെയാണ് 2006-ലെ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷിന്‍റെ പ്രവർത്തനകാലം വീണ്ടും സജീവ ചർച്ചയാകുന്നത്. പ്രത്യേകിച്ച്, മുതിർന്ന സി.പി.ഐ.(എം) നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് 2006-ലെ ലീ സീ ബീന്റെ മരണവും അഴിമതി ആരോപണങ്ങളും വീണ്ടും പരസ്യമായി പരാമർശിച്ചതോടെയാണ് വിഷയം വീണ്ടും മാധ്യമ-രാഷ്ട്രീയ ശ്രദ്ധയിലേക്ക് വന്നത്. എന്നാൽ, താൻ ലീയുടെ ആത്മഹത്യാക്കുറിപ്പ് വ്യക്തിപരമായി കണ്ടിട്ടില്ലെന്നും അന്നത്തെ ആരോപണങ്ങൾ രാഷ്ട്രീയ-ഭരണ തലങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നതാണെന്നും തോമസ് ഐസക് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്താണ് ലീ സീ ബീൻ കേസ്?
ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി) ഒന്നാം ഘട്ടത്തിൽ എം.സി റോഡ് ഉൾപ്പെടെയുള്ള 127 കിലോമീറ്റർ റോഡ് നവീകരണത്തിനായി കരാർ നേടിയത് 'പതിബെല്‍' കണ്‍സോര്‍ഷ്യമായിരുന്നു. മലേഷ്യന്‍ കമ്പനിയായ 'പതി'യും കൊച്ചിയിലെ 'ഭഗീരഥ എന്‍ജിനീയറിങ് ലിമിറ്റഡും' ചേര്‍ന്നതായിരുന്നു 'പതിബെല്‍' കണ്‍സോര്‍ഷ്യം. കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു മലേഷ്യൻ സ്വദേശിയായ ലീ സീ ബീൻ. 2002-ൽ ഒപ്പുവെച്ച ഏകദേശം 215 കോടിയുടെ കരാർ നിർവഹണവുമായി ബന്ധപ്പെട്ട് കടുത്ത ഭരണ-സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് 2006 നവംബർ 11-ന് മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ചാണ് ഈ കരാറിന്‍റെ ചുമതല ഉണ്ടായിരുന്ന ലീ സീ ബീൻ റിയ പാർക്കിലെ തടാകത്തിന് സമീപമുള്ള ഇരുമ്പ് പാലത്തില്‍ ജീവന്‍ അവസാനിപ്പിച്ചു.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതി, ബില്ലുകൾ മാറുന്നതിലെ മനപ്പൂർവമായ കാലതാമസം, കടുത്ത ഉദ്യോഗസ്ഥ സമ്മർദ്ദം എന്നിവയാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം അന്ന് ശക്തമായിരുന്നു. ലീയുടെ ആത്മഹത്യാക്കുറിപ്പിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നുവെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
രണ്ട് കത്തുകളാണ് ലീ എഴുതിയത് ഒന്ന് തന്‍റെ കമ്പനിയിലെ റോസ് ലീക്ക് എഴുതിയ കത്തും, ഒന്ന് കുടുംബത്തിനും. ഇതില്‍ കമ്പനി മേധാവികള്‍ക്കുള്ള കത്തില്‍ കേരള പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടതായി ആരോപണം ഉണ്ടെന്നാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ഒപ്പം സര്‍ക്കാര്‍ പണം ഉദ്യോഗസ്ഥര്‍ അന്യായമായി തടഞ്ഞതോടെ ഉപകരാറുകരും മറ്റും സമ്മര്‍ദ്ദത്തിലാക്കിയെന്നും ഉദ്യോഗസ്ഥരുമായുള്ള ഇടപെടലുകള്‍ തന്നെ മാനസികമായി തകര്‍ത്തുവെന്നും കത്തില്‍ പറയുന്നുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥൻ “ഇത് കേരളമാണ്; ഇവിടെ ചില നടപടിക്രമങ്ങളുണ്ട്; അത് കിട്ടാതെ ഒരു ബില്ലും പാസാകില്ല” എന്ന രീതിയിൽ പറഞ്ഞതായി ലീ കമ്പനി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അന്ന് പുറത്തുവന്ന മാധ്യമങ്ങള്‍ പറയുന്നുണ്ട്. അതേ സമയം കുടുംബത്തിന് അയച്ച കത്തിലാണ് ഗ്യാനേഷ് കുമാര്‍ അടക്കമുള്ളവരുടെ പേര് എടുത്ത് പറയുന്നത് എന്നാണ് വിവരം.
ജീവന്‍ എടുത്ത കുടിശ്ശിക ബില്ലുകൾ
ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങളും നിർമാണത്തിലെ വേഗതക്കുറവും ചൂണ്ടിക്കാട്ടി സർക്കാർ പണം തടഞ്ഞുവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായതും ലീയുടെ മരണത്തിലേക്ക് നയിച്ചതും. ഇതിന് കാരണമായത് ഉദ്യോഗസ്ഥ അഴിമതിയാണ് എന്നാണ് ആരോപണം. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 13 കോടി മുതൽ 17 കോടി വരെ വരുന്ന കുടിശ്ശിക ബില്ലുകളാണ് അന്ന് തർക്കത്തിലുണ്ടായിരുന്നത്. ഈ തുക ലഭിക്കാതായതോടെ ഉപകരാറുകാർക്കും തൊഴിലാളികൾക്കും നൽകാനുണ്ടായിരുന്ന ബാധ്യതകൾ തീർക്കാൻ കഴിയാതെ ലീ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലീയുടെ മരണത്തിന് പിന്നാലെ അന്ന് കേരളം ഭരിച്ച വി.എസ്. അച്യുതാനന്ദൻ സർക്കാര്‍ 2006 നവംബർ 25-ന് കെ.എസ്.ടി.പിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്ന് സർക്കാർ നിയോഗിച്ച മന്ത്രിതല ഉപസമിതി കെ.എസ്.ടി.പിയില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജിലന്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കെ.എസ്.ടി.പിയുടെ മൊത്തം തുക 1,632 കോടി ആയിരുന്നു. അതില്‍ കേരള സര്‍ക്കാറിന്‍റെ പങ്ക് 388 കോടിയായിരുന്നു. അന്ന് പ്രഖ്യാപിച്ച അന്വേഷണം ശരിക്കും 'പതിബെല്‍' കണ്‍സോര്‍ഷ്യം ഏറ്റെടുത്ത കരാറില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഒന്നാണ് എന്ന് പറയാനും കഴിയില്ല. അതിനാല്‍ തന്നെ അന്നത്തെ അന്വേഷണം ഒരു പുരോഗതിയും ഉണ്ടാക്കിയില്ല. ലീയുടെ മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 1998 കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ പി.ഡബ്യൂ.ഡി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. പിന്നീട് സിവില്‍ സപ്ലേസില്‍ സെക്രട്ടറിയായി ഗ്യാനേഷ് എത്തിയെങ്കിലും, തുടർന്ന് കേന്ദ്ര സർവീസിലേക്ക് മാറിയ ഗ്യാനേഷ് നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ എത്തിനിൽക്കുകയാണ്.
കെ.എസ്.ടി.പി പദ്ധതിയിലെ അപാകതകളും കാലതാമസവും മൂലം 60 കോടിയിലധികം രൂപയുടെ അധികച്ചെലവ് സംസ്ഥാനത്തിന് ഉണ്ടായതായി 2011ലെ സി.എ.ജി ഓഡിറ്റിലും രേഖപ്പെടുത്തിയിരുന്നു.കെ.എസ്.ടി.പി ഒന്നാം ഘട്ടത്തിൽ എം.സി റോഡ് നവീകരണത്തിനായി 'പതിബെല്‍'കൺസോർഷ്യത്തിന് നൽകിയ കരാറിന്റെ നിർവഹണത്തിൽ കടുത്ത സാമ്പത്തിക-ഭരണ പ്രതിസന്ധികളാണ് ഉണ്ടായതെന്ന് സി.എ.ജി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 215.50 കോടി അടങ്കൽ തുകയുണ്ടായിരുന്ന കരാർ പ്രകാരം 2005 ഡിസംബർ 15-നകം പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതായിരുന്നു.
തുടക്കത്തിൽ കരാറുകാർക്ക് പണം അനുവദിക്കുന്നതിൽ വീഴ്ചവരുത്തിയില്ലെങ്കിലും 2006 ഏപ്രിലിനു ശേഷം സർക്കാർ തലത്തിൽ പണം നൽകുന്നത് പൂർണ്ണമായി തടസ്സപ്പെട്ടു. ഇതേത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കമ്പനി 2006 ഡിസംബറിൽ കരാർ റദ്ദാക്കുകയാണുണ്ടായത്. അപ്പോഴും ഏകദേശം 106 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ബാക്കിയായിരുന്നു. ബാക്കി വന്ന പണികൾക്കായി പിന്നീട് പുതിയ ടെൻഡർ വിളിച്ചെങ്കിലും നിരക്കുകൾ കുത്തനെ ഉയർന്ന നിലയിലായിരുന്നു. ഇതോടെ 2007 ഡിസംബറിൽ പഴയ കരാറുകാരുമായിത്തന്നെ പുതുക്കിയ വ്യവസ്ഥകളോടെ പദ്ധതി പുനരാരംഭിക്കാൻ സർക്കാർ നിർബന്ധിതരായി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസവും കരാർ പുനഃക്രമീകരണവും മൂലം സംസ്ഥാനത്തിന് 60.75 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായതായാണ് ഓഡിറ്റിൽ ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസും സർക്കാരിന്റെ തുടർനടപടിയും
നേരത്തെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് 2006-ലെ ലീ സീ ബീൻ മരണത്തിൽ കോണ്‍ഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്. അന്നത്തെ അന്വേഷണ ഫയലുകൾ കണ്ടെത്താനും ബാഹ്യസമ്മർദ്ദങ്ങൾ മൂലം അന്നത്തെ നടപടികൾ അട്ടിമറിക്കപ്പെട്ടോ എന്ന് പരിശോധിക്കാനുമാണ് സർക്കാർ തീരുമാനം.
നേരത്തെ നടത്തിയ അന്വേഷണത്തിന്‍റെ ഫയലുകള്‍ അടക്കം കണ്ടെത്തുക എന്നത് വിജിലന്‍സിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേ സമയം ഗ്യാനേഷ് കുമാറിന്‍റെ പേര് ഉണ്ടെന്ന് പറയുന്ന കത്ത് പോലും ഇതുവരെ വിജിലന്‍സിന്‍റെ കൈയ്യില്‍ ഇല്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ കത്ത് ഇപ്പോഴും മലേഷ്യയിലെ സുബാങ് ജയ പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും ഗ്യാനേഷ് കുമാറിന്‍റെ ഈ കേസിലെ പങ്ക് തന്നെയാണ് പരാതിക്കാരന്‍ ഉന്നം വയ്ക്കുന്നത്, ആഭ്യന്തരമന്ത്രിയുടെ വാക്കുകളും അത് തന്നെയാണ് പറയുന്നത്. പ്രതിപക്ഷത്തുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇത്തരം ഒരു അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപി ഈ നീക്കത്തില്‍ പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസിൽ സംസ്ഥാന സർക്കാർ തലത്തിൽ വിജിലൻസ് അന്വേഷണം വരുന്നത് ദേശീയതലത്തിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെക്കും. എന്നാൽ, കേസിൽ നിലവിൽ പ്രാഥമിക അന്വേഷണത്തിന്മാത്രമാണ് ഉത്തരവിട്ടിട്ടുള്ളത്. എഫ്.ഐ.ആറോ മറ്റ് നിയമനടപടികളോ നിലവിലില്ലെന്നും, ആരോപണങ്ങൾ ഇതുവരെ കോടതിയിലോ അന്വേഷണ ഏജൻസികളാലോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. പഴയ ഫയലുകൾ പരിശോധിച്ച ശേഷമേ വിജിലൻസ് കൂടുതൽ നടപടികളിലേക്ക് കടക്കൂ.