KERALA

കേരള സർവകലാശാലയിൽ വീണ്ടും തർക്കം; സെനറ്റ് യോ​ഗത്തിൽ ഇടത് അം​ഗങ്ങളുടെ പ്രതിഷേധം

ഇങ്ങനെ പോയാൽ വിസിയെ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളാ സർവകലാശാല വിസിയുടെ സംഘപരിവാർ അനുകൂല നയങ്ങളിൽ പ്രതിഷേധിച്ച് സെനറ്റ് യോഗം ബഹളത്തിൽ മുങ്ങി. ഇടത് അംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ താത്കാലിക വിസി മോഹനൻ കുന്നുമ്മൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സിൻഡിക്കേറ്റിനെ മറികടന്ന് വിസി സംഘപരിവാർ അനുഭാവി ഗിരിജ ഗോപാലിനെ സ്റ്റാൻഡിംഗ് കൌൺസിലായി നിയമിച്ചതിനെ ചൊല്ലിയായിരുന്നു ബഹളം. ഏകപക്ഷീയമായി സ്റ്റാൻഡിം​ഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയ വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ച് നിലവിലെ സ്റ്റാൻഡിംഗ് കൌൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു.

നാലുമാസത്തിനുശേഷമാണ് കേരള സർവകലാശാലയിൽ താത്കാലിക വിസി ഡോ.മോഹനൻ കുന്നുമ്മൽ സെനറ്റ് യോഗം വിളിച്ചുചേർത്തത്. ബിരു​ദ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത് മാത്രമായിരുന്നു സ്പെഷ്യൽ സെനറ്റിൻ്റെ അജണ്ട. എന്നാൽ സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുന്ന മറ്റ് വിഷയങ്ങൾ കൂടി ചർച്ച ചെയ്യണമെന്ന് ഇടത് അം​ഗങ്ങൾ യോ​ഗത്തിൽ ആവശ്യപ്പെട്ടു. വിസി ഇതനുവദിച്ചില്ല. പ്രതിഷേധത്തിനിടെ അ‍ജണ്ട പാസാക്കി മോഹനൻ കുന്നുമ്മൽ യോ​ഗത്തിൽ നിന്നിറങ്ങിപ്പോയി. ഇങ്ങനെ പോയാൽ വിസിയെ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ ആരോപിച്ചു.

ഇടത് അം​ഗങ്ങൾ യോ​ഗം അലങ്കോലപ്പെടുത്തിയതോടെയാണ് യോഗം പിരിച്ച് വിട്ടതെന്ന് ബിജെപി അം​ഗം പി.എസ്. ഗോപകുമാറിൻ്റെ ആരോപണം. ഇതിനിടെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ വിസിയുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ച് അഡ്വ. തോമസ് എബ്രഹാം രാജി വച്ചു. രജിസ്ട്രാർക്ക് നൽകിയ കത്തിൽ വിസിക്കെതിരെ ​ഗുരുതര പരാമർശങ്ങളാണുള്ളത്. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനാണ്. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് വിസി സ്വന്തം നിലയ്ക്ക് പുതിയ അഭിഭാഷകയായി അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതെന്നും കത്തിൽ പറയുന്നു.

SCROLL FOR NEXT