KERALA

കേരളത്തിന്റെ തൊഴിൽ ശക്തിയില്‍ വൻ വളര്‍ച്ച; റിപ്പോർട്ടുമായി ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ്

ഈ വളര്‍ച്ചയിലൂടെ കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിൽ ശക്തിയുള്ള സംസ്ഥാനമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കേരളത്തിന്റെ തൊഴിൽ ശക്തിയില്‍ വൻ വളര്‍ച്ചയുണ്ടായതായി ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് 172% വളര്‍ച്ച കൈവരിച്ചു. ഈ വളര്‍ച്ചയിലൂടെ കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിൽ ശക്തിയുള്ള സംസ്ഥാനമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കില്‍ കേരള ഗ്ലോബല്‍ സമിറ്റ് വേദിയില്‍ പുറത്തിറക്കിയ ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ടിലാണ്, കേരളം നൈപുണ്യ വികസനം വളർച്ചയുടെ പാതയിൽ ആണെന്ന് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിൽ മേഖല 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌‌‌‌വെയര്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, അധ്യാപകന്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ തൊഴിൽ മേഖലയിൽ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30%നെ അപേക്ഷിച്ച് കൂടുതലാണിത്.

വിദേശരാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും ഗള്‍ഫ് മേഖലകളില്‍നിന്ന് സികില്‍ഡ് പ്രൊഫഷണലുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. യുഎഇയില്‍ നിന്നുമാത്രം 52% പേര്‍ തിരിച്ചെത്തിയതായി കണ്ടെത്തലുണ്ട്. ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ ഇവര്‍ക്ക് അനുഭവസമ്പത്തുള്ളവരാണ് ഇത്തരത്തില്‍ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റവും കേരളത്തിലെ ഇന്നൊവേഷന്‍, ടെക്നോളജി മേഖലകള്‍ക്ക് പുതിയ ശക്തി പകരുന്നതായും റിപ്പോർട്ട് പറയുന്നു.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ , നോളജ് ഇക്കണോമി മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണ്യ വികസനത്തിന് വലിയ ഊന്നല്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ് തുടങ്ങിയ മേഖലകലിലെ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനങ്ങളില്‍ പങ്കാളിത്തം ഇരട്ടിയായി . ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനാലിറ്റിക്‌സ് എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് ഇനിയും വലിയ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്‌കില്‍ കേരള സമ്മിറ്റിന്റെ ഉദ്ഘാടന വേദിയില്‍വച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

SCROLL FOR NEXT