പത്തനംതിട്ട: പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ ശബരിമലയ്ക്ക് സമീപത്തെ മഴക്കാടുകളിലും ഏറെയുണ്ട്. ലയൺ ടൈൽഡ് മക്കാക്ക് എന്ന ശാസ്ത്രീയ നാമമുള്ള ഇവ തീർഥാടകർക്ക് കൗതുക കാഴ്ചയാവുകയാണ്. സിംഹത്തെപ്പോലെ മുഖത്തിനു ചുറ്റുമുള്ള വെളുത്ത രോമങ്ങളും, വാലിൻ്റെ അറ്റത്തുള്ള രോമക്കെട്ടുമെല്ലാം കൊണ്ടാണ് ഈ പേര് വന്നത്. വാൻഡറൂ എന്നും സിംഹവാലൻ കുരങ്ങിന് വിളിപ്പേരുണ്ട്.
പമ്പയിൽ നിന്നുതന്നെ സിംഹവാലൻ കുരങ്ങുകളെ കണ്ടുതുടങ്ങും. ശബരിമലയ്ക്ക് ചുറ്റുമുള്ള നിത്യഹരിത കാടുകളിൽ ഇവ ധാരാളമായുണ്ട്. വർഷത്തിൽ മുഴുവൻ കായ് കനികൾ ലഭിക്കുന്ന നിത്യഹരിത വനങ്ങളായതിനാൽ സൈലൻ്റ് വാലിയിലാണ് സിംഹവാലൻ കുരങ്ങുകളെ ഏറ്റവും കൂടുതൽ കാണുന്നത്.
മഴക്കാടുകളിൽ വൻ മരങ്ങളുടെ വിത്ത് വിതരണത്തിന് സിംഹവാലൻ കുരങ്ങുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വെടി പഴം എന്ന് ഗോത്രവിഭാഗക്കാർ പറയുന്ന ഒരു വൻമരത്തിൻ്റെ ഫലവിത്താണ് ഇഷ്ട ഭക്ഷണം. തമിഴ്നാട്ടിൽ കളക്കാട് - മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലും സിംഹവാലൻ കുരങ്ങുകളുടെ സാന്നിധ്യമുണ്ട്. ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് കൗതകമാണ് സിംഹവാലൻ കുരങ്ങുകൾ.