

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചിൽ 32 -ാമത്തെ കേസായാണ് ഹർജി എത്തുക . എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ പെടുന്നതല്ല, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പൊലീസിന്റെ ശ്രമമാണ്. അത് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും രാഹുല്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽക്കഴിയാൻ തുടങ്ങിയിട്ട് ഇന്ന് 10 ദിവസമാവുകയാണ്. ഇതിനിടെയാണ് മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കാനൊരുങ്ങുന്നത്. അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലാതെ പൊലീസിനു മുന്നിൽ ഹാജരാകാൻ പറ്റിയാൽ തെളിവുകൾ കൈമാറാമെന്നും രാഹുൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരു വിട്ട് പുറത്തേക്ക് വന്നു എന്ന സൂചന ലഭിച്ചതോടെ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കൂട്ടുപ്രതി ജോബി ജോസഫും നിലവിൽ രാഹുലിനൊപ്പമുണ്ടെന്ന സൂചനകളാണ് എസ്ഐടിക്ക് ലഭിച്ചത്. കേരളാ- കർണാടക അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും കേരളത്തിലെ കോടതികളിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ രാഹുൽ ഒളിവുജീവിതം അവസാനിപ്പിക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം.