തദ്ദേശ തെരഞ്ഞെടുപ്പിനായി സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. കരട് വോട്ടർപട്ടിക സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25നാകും പ്രസിദ്ധീകരിക്കുക.
എല്ലാ വോട്ടർമാർക്കും ഇനി മുതൽ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. തദ്ദേശ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ഈ നമ്പർ ബാധകമാകും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടർ പട്ടിക കഴിഞ്ഞ ദിവസം അപ്രത്യക്ഷമായിരുന്നു. ഡീലിമിറ്റേഷൻ പ്രക്രിയ പുരോഗമിക്കുന്നുവെന്ന അറിയിപ്പാണ് വെബ്‌സൈറ്റിൽ ഇപ്പോൾ കാണിക്കുന്നത്. സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഉടൻ പ്രവർത്തനക്ഷമമാകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം.
സെപ്റ്റംബർ രണ്ടിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. നവംബർ-ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഡിസംബർ 20നകം പുതിയ ഭരണസമിതി അധികാരമേൽക്കണമെന്നും കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. വോട്ടർ പട്ടിക വീണ്ടും പുതുക്കുമെന്നും സൂചനയുണ്ടായിരുന്നു.