കൊല്ലം: ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. ഗൃഹസമ്പർക്ക പരിപാടിയുടെ സംഘാടനം പാളിയെന്ന് മേഖലാ സെക്രട്ടറിമാർ വിമർശിച്ചു. വീടുകളിൽ കൊടുക്കാൻ ലഘുലേഖയോ പണപ്പിരിവിന് കൂപ്പണുകളോ കിട്ടിയില്ലെന്ന് പരാതി. ജെ.പി. നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എയിംസ് തർക്കവും കലുങ്ക് വിവാദങ്ങളും ചർച്ചയായേക്കും.
ജില്ലാ അധ്യക്ഷന്മാരുടെയും പ്രഭാരിമാരുടെയും യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഗൃഹസമ്പർക്കം നടത്തുന്നത്. ഉത്തര മേഖലയിൽ എം.ടി. രമേശും ദക്ഷിണ മേഖലയിൽ എസ്. സുരേഷുമാണ് ചുമതലക്കാർ. ഈ മാസം 25നായിരുന്നു ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടികൾ തുടങ്ങിയത്. എന്നാൽ ഇതുവരെ സമ്പർക്കത്തിന് വിതരണം ചെയ്യാനുള്ള ലഘുലേഖയോ ഫണ്ട് പിരിവിനുള്ള കൂപ്പണുകളോ വാർഡുകളിൽ എത്തിയിട്ടില്ല. മേഖലാ സംഘടനാ സെക്രട്ടറിമാരാണ് രൂക്ഷ വിമർശനം നടത്തിയത്.
പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് എറണാകുളം മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ പറഞ്ഞു. സംസ്ഥാന നേതൃത്വം വീഴ്ച പരിശോധിക്കണമെന്ന് കോഴിക്കോട് മേഖല സംഘടനാ സെക്രട്ടറി ജി. കാശിനാഥ് ആവശ്യപ്പെട്ടു.