വയനാട് ജില്ലാ പഞ്ചായത്ത് Source: News Malayalam 24x7
KERALA

തദ്ദേശപ്പോര് |ദുരന്തബാധിതരുടെ പുനരധിവാസം , മനുഷ്യ- വന്യജീവി സംഘർഷം, വികസന പ്രവർത്തനങ്ങൾ; വയനാട് ജില്ലാ പഞ്ചായത്ത് ഇത്തവണ ആർക്കൊപ്പം?

ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും മറ്റ് ക്രമക്കേടുകളുമാണ് ഇടത് മുന്നണിയുടെ രാഷ്ട്രീയ ആയുധം

Author : ന്യൂസ് ഡെസ്ക്

എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ പങ്കിടുന്ന വയനാട് ജില്ലാ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ്‌ കഴിഞ്ഞ തവണ യുഡിഎഫ്‌ ഭരണം നേടിയത്. എന്നാൽ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട പഞ്ചായത്ത് ഇത്തവണ വിട്ടുകൊടുക്കാൻ തയ്യാറല്ല എൽഡിഎഫ്. സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിന് തയ്യാറെടുക്കുന്നത്. അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പിൽ അടക്കം ലഭിച്ച പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

വയനാട് ജില്ല പഞ്ചായത്തിലെ ആകെ സീറ്റുകളുടെ എണ്ണം 16. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും എട്ട് സീറ്റുകൾ വീതം നേടി. യുഡിഎഫിൽ കോൺഗ്രസിന്​ ആറും ലീഗിന്​ രണ്ടും സീറ്റുകളുമാണ് ഉള്ളത്. എൽഡിഎഫിൽ സിപിഐഎം ആറ് സീറ്റിൽ ജയിച്ചപ്പോൾ, സിപിഐയും ജനതാദൾ എസും ഓരോ സീറ്റ് വീതം നേടി. തുല്യ സീറ്റുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ വാർഡ് പുനർനിർണയത്തിൽ ഒരു സീറ്റ് കൂടിയെത്തിയതോടെ ആകെ സീറ്റുകളുടെ എണ്ണം 17 ആയി.

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം , മനുഷ്യ- വന്യജീവി സംഘർഷം, വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാകും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമായും വയനാട്ടിൽ ചർച്ചയാകുക. വയനാട് ഉപതെരഞ്ഞെടുപ്പിലടക്കം ലഭിച്ച പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് അങ്കത്തിനിറങ്ങുന്നത്. പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് , തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും മറ്റ് ക്രമക്കേടുകളുമാണ് ഇടത് മുന്നണിയുടെ രാഷ്ട്രീയ ആയുധം.

എൽഡിഎഫും യുഡിഎഫും സർക്കാർ മാറി മാറി ഭരിക്കുന്ന വയനാട്ടിൽ ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ . മത ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജീവമായി തയ്യാറെടുക്കുമ്പോഴും ആഭ്യന്തര തർക്കങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക എൽഡിഎഫിനും യുഡിഎഫിനും ഉണ്ട്. പ്രാദേശിക തലത്തിലെ ചെറിയ മാറ്റങ്ങൾ പോലും വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെയാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾ.

SCROLL FOR NEXT