KERALA

കിട്ടാനുള്ളത് 2651 കോടി രൂപ; ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

മൂന്ന് ഗഡുവായാണ് ഓരോ സാമ്പത്തിക വര്‍ഷത്തിലും സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് അനുവദിക്കാറുള്ളത്. ഇത് പ്രകാരം മാര്‍ച്ച് 30 നായിരുന്നു ലഭിക്കേണ്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ നല്‍കേണ്ട പ്ലാന്‍ ഫണ്ടിന്റെ മൂന്നാം ഗഡു ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 2,651 കോടി രൂപയാണ് ലഭിക്കാനുള്ളത്.

മൂന്ന് ഗഡുവായാണ് ഓരോ സാമ്പത്തിക വര്‍ഷത്തിലും സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് അനുവദിക്കാറുള്ളത്. ഇത് പ്രകാരം മാര്‍ച്ച് 30 നായിരുന്നു ലഭിക്കേണ്ടത്. എന്നാല്‍ ഇത് ലഭിക്കാതായതോടെ തദ്ദേശസ്ഥാപനങ്ങളുടെ പല പദ്ധതികളും മുടങ്ങുകയാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹായധനം, ഫാമുകളുടെ നടത്തിപ്പ് തുടങ്ങിയവ ഫണ്ട് കിട്ടാത്തതിനാല്‍ പ്രതിസന്ധിയിലാണ്.

ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍, വ്യക്തിഗത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള സഹായപദ്ധതികള്‍ തുടങ്ങിയവ മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കുപോലും പണം കണ്ടെത്താനായിട്ടില്ല. 1200-ലേറെ തദ്ദേശ സ്ഥാപനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയുള്ളത്. അനുവദിക്കപ്പെട്ട തുകയുടെ 33 ശതമാനമാണ് ലഭിക്കാനുള്ളത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കിയ പ്രവൃത്തികളുടെ മുഴുവന്‍ തുകയും നടപ്പു സാമ്പത്തിക വര്‍ഷം ഇനി അനുവദിക്കുന്ന ഫണ്ട് തുകയില്‍ നിന്ന് നല്‍കേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവൃത്തികളുടെ ചെലവില്‍ 40 ശതമാനം സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ടതാണ്. പുതിയ സാമ്പത്തിക വര്‍ഷം 40 ദിവസത്തോളം പിന്നിട്ടതിനാല്‍ ഇനി ഈ തുക ലഭിക്കുമോ എന്ന ആശങ്കയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍.

SCROLL FOR NEXT