Source: Files
KERALA

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക ഭരണവിരുദ്ധ വികാരം; സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച ഉണ്ടായി. ഇത് കൃത്യമായി മനസിലാക്കാൻ കഴിയുന്നതിൽ വീഴ്ചയെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തൽ...

Author : അഹല്യ മണി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രാദേശിക ഭരണ വിരുദ്ധ വികാരമെന്ന് സിപിഐഎം സെക്രട്ടറിയേറ്റ്. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച ഉണ്ടായി. ഇത് കൃത്യമായി മനസിലാക്കാൻ കഴിയുന്നതിൽ വീഴ്ചയെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. സംസ്ഥാന തലത്തിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെതിരെ നടപടിയില്ലെന്ന എതിരാളികളുടെ പ്രചാരണത്തെ ചെറുക്കാനായില്ല, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ വേഗത്തിൽ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുത്തൽ നടപടി വേഗം തുടങ്ങും. പ്രവർത്തകരെയും ജനങ്ങളെയും പാർട്ടിയിലേക്ക് അടുപ്പിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. തിരുത്തൽ നടപടികൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ചു.

കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോപരിപാടികൾ ശക്തമാക്കാനും സിപിഐഎം സെക്രട്ടറിയേറ്റിൽ തീരുമാനം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. തിരുത്തൽ നടപടിയുടെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികൾ നിശ്ചയിച്ചത്. പ്രക്ഷോഭത്തിന് മുന്നണിയുടെ പിന്തുണ വാങ്ങുന്നതിന് നാളെ എൽഡിഎഫ് യോഗം ചേരും.

SCROLL FOR NEXT