അടിമാലി: സ്വന്തം അച്ഛൻ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച പെൺകുട്ടിയെ ചേർത്തുപിടിച്ച് ഒരു നാട്. കണ്ണൂർ കൊട്ടിയൂർ സ്വദേശി അളകനന്ദയ്ക്കാണ് ഇടുക്കി അടിമാലിയിൽ സുമനസുകൾ ചേർന്ന് ഒരു വീട് നിർമിച്ച് നൽകിയത്. പൊള്ളലേറ്റ് അടിമാലിയിൽ ചികിത്സയ്ക്ക് എത്തിയ അളകനന്ദയ്ക്ക് ആരോരുമില്ലാതായതോടെയാണ് ഒരു നാടൊന്നാകെ സാന്ത്വനമേകിയത്.
15 കാരിയായ അളകനന്ദ ഒരു നാടിന്റെയാകെ തണലിലാണ്. കുഞ്ഞു പ്രായത്തിലേറ്റ പൊള്ളിൻ്റെ മുറിവ് ഇനി ഉണ്ടാവില്ല. അത്രമേൽ സ്നേഹവും കരുതലുമാണ് ചുറ്റും. 2022 ജനുവരി 15നാണ് അളകനന്ദയെ അച്ഛൻ ആസിഡ് ഒഴിച്ച് ആക്രമിച്ചത്. അമ്മ നിജിതയേയും അച്ഛൻ സനൽ കുമാർ ആക്രമിച്ചിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്ന് നിജിത മകളുമായി വയനാട് അമ്പലവയലിലെ വാടകവീട്ടിൽ മാറി താമസിക്കുകയായിരുന്നു.
സനൽ കുമാറിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിജിത ചികിത്സയിലിരിക്കെ മരിച്ചു. പിന്നാലെ സനൽകുമാർ ആത്മഹത്യ ചെയ്തു. മരണത്തോട് മല്ലടിച്ച് അളകനന്ദ മൂന്നുമാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സയ്ക്കായി അളകനന്ദയുമായി മുത്തശ്ശി ഗീത ഇടുക്കി അടിമാലിയിലെ പൊള്ളൽ ചികിത്സാ കേന്ദ്രത്തിലെത്തി. ചികിത്സയ്ക്കിടെ അച്ഛനും അമ്മയും ഇല്ലാത്ത അളകനന്ദയ്ക്ക് വൈദ്യൻ ജോർജ് ഫിലിപ്പ് മുറിവുണക്കി. അവൾക്ക് നാളേക്കായി കരുതൽ ഒരുക്കി.
അടിമാലി കൂമ്പൻപാറ ഫാത്തിമ മാതാ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അളകനന്ദ. അധ്യാപകരുടെയും ഒരു നാടിന്റെയും കരുതലാണ് അളകനന്ദ. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് അളകനന്ദയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയത്.