കോഴിക്കോട്: തിരുവമ്പാടിയിലും ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ്. എംഎൽഎ ലിൻ്റോ ജോസഫിൻ്റെ ഭാര്യക്ക് മുക്കത്തും കൂടരഞ്ഞിയിലും വോട്ട് ഉണ്ടെന്നാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ദിഷാൽ ആരോപിക്കുന്നത്.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിൻ്റെ ഭാര്യ അനുഷക്ക് മുക്കം മുൻസിപ്പാലിറ്റിയിലെ 17 ആം വാർഡായ കച്ചേരിയിലും,കൂടരഞ്ഞി പഞ്ചായത്തിലെ ഒൻപതാം വാർഡായ ആനയോടും വോട്ട് ഉണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
മുക്കം മുൻസിപ്പാലിറ്റിയിലെ കച്ചേരി വാർഡിലെ വോട്ടർ പട്ടികയിലെ ക്രമ നമ്പർ 1002 -അനുഷ കെ യും, കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വാർഡിലെ ക്രമ നമ്പർ 881 അനുഷ കെ യും ലിന്റോ ജോസഫ് എംഎൽഎയുടെ ഭാര്യയാണ് എന്നാണ് ഞങ്ങൾക്ക് വാർഡ് കമ്മിറ്റികളുടെ പരിശോധനയിൽ നിന്ന് ലഭിച്ച വിവരമെന്നും മുഹമ്മദ് ദിഷാൽ പറഞ്ഞു. ഈ രണ്ട് വോട്ടും ആരുടെയാണ്? മറുപടി പറയേണ്ടത് എംഎൽഎയാണ്, എന്നും മുഹമ്മദ് ദിഷാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
"ഇരട്ട വോട്ട് " വോട്ടർ പട്ടിക ക്രമക്കേട് തിരുവമ്പാടിയിലും
ഞങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഒരു സുപ്രധാന കാര്യം പുറത്ത് വിടുകയാണ്
തിരുവമ്പാടി എം. എൽ. എ ശ്രീ ലിന്റോ ജോസഫിന്റെ ഭാര്യക്ക് മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് -17 കച്ചേരിയിലും, കൂടരഞ്ഞി പഞ്ചായത്തിലെ വാർഡ് -9 ആനയോടും വോട്ട്
അതും രണ്ട് വോട്ടുകളുമുള്ളത് പുതുതായി ചേർക്കപ്പെട്ട ലിസ്റ്റിൽ
മുക്കം മുൻസിപ്പാലിറ്റിയിലെ കച്ചേരി വാർഡിലെ വോട്ടർ പട്ടികയിലെ ക്രമ നമ്പർ 1002 -അനുഷ കെ യും,കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വാർഡിലെ ക്രമ നമ്പർ 881 അനുഷ കെ യും ലിന്റോ ജോസഫ് എം. എൽ.എയുടെ ഭാര്യയാണ് എന്നാണ് ഞങ്ങൾക്ക് വാർഡ് കമ്മിറ്റികളുടെ പരിശോധനയിൽ നിന്ന് ലഭിച്ച വിവരം
മറുപടി പറയേണ്ടത് എം.എൽ. എയാണ്, ഈ രണ്ട് വോട്ടും ആരുടെയാണ്?
ജനാധിപത്യത്തെ അട്ടിമറിക്കാൻ പല സ്ഥലങ്ങളിലും ഇത്തരം അട്ടിമറികൾ സി. പി. എം നടത്തിയിട്ടുണ്ട്
നിയമപരമായി തന്നെ ഇത്തരം തട്ടിപ്പുകളെ ഞങ്ങൾ നേരിടും