തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിൽ നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിൽ മറുപടി നൽകി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ. വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പറയുന്നത് യുഡിഎഫിൻ്റെ വിഷയ ദാരിദ്ര്യമാണ്. ലോക്കപ്പ് മർദനം ഇടതുമുന്നണിയുടെ നയമല്ലെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
"യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത് സഭയിൽ അവതരിപ്പിക്കുന്നത് രണ്ടര വർഷം കഴിഞ്ഞാണ്. കേരളത്തിലെ പൊലീസ് ആകെ കുഴപ്പമാണ് എന്ന് സ്ഥാപിക്കാനാണ് യുഡിഎഫ് നീക്കം. കേസുകളിൽ പെട്ട നിരവധി പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. നിരവധി പേരെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നയങ്ങളിൽ ആവേശം കൊണ്ട് ചില ആളുകൾ തെറ്റായ നയം സ്വീകരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ട്. മുഖ്യമന്ത്രി ഇടപെട്ട് ഉടൻതന്നെ അത്തരം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു", സേവ്യർ ചിറ്റില്ലപ്പള്ളി.
സുജിത്തിന് കേസ് ഡയറിയുണ്ട്. വാളും ഇരുമ്പ് വടിയും കൊണ്ട് ആക്രമണം നടത്തിയിട്ടുള്ള ആളാണ് സുജിത്തെന്നും സേവ്യർ ചിറ്റില്ലപ്പള്ളി എംഎൽഎ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസിൻ്റെ അധഃപതനത്തിന് കാരണം മുഖ്യമന്ത്രിയാണെന്നായിരുന്നു അടിയന്തര പ്രമേയ ചർച്ചയിൽ റോജി എം. ജോൺ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മൗനമാണ് എല്ലാത്തിനും അടിസ്ഥാനം. നിരവധി പരാതികൾ ഉയർന്നിട്ടും രണ്ട് കേസുകളിൽ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും റോജി എം. ജോൺ പറഞ്ഞിരിന്നു.