ഷാഫി പറമ്പിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ ഇടപെട്ട് ലോക്‌സഭാ സ്പീക്കർ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ഷാഫി പറമ്പിലിൻ്റെ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ ഇടപെട്ട് ലോക്സഭാ സ്പീക്കർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് എന്നുമാണ് പരാതിയിൽ ഷാഫി പറമ്പിൽ വ്യക്തമാക്കിയത്.

രണ്ട് പരാതികളായിരുന്നു ഷാഫി പറമ്പിൽ എംപി ലോക്‌സഭാ സ്പീക്കർക്ക് മുൻപാകെ സമർപ്പിച്ചത്. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജുവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രണ്ടാമത്തെ പരാതി നൽകിയത്. സമാധാനപരമായി നടന്ന പരിപാടിയിൽ പൊലീസ് അതിക്രമം കാണിച്ചതായും, എംപി ആണെന്നറിഞ്ഞിട്ടും തന്നെ മർദിച്ചതായും പരാതിയിൽ പറയുന്നു.

കോഴിക്കോട് റൂറൽ എസ്‌പി കെ. ഇ. ബൈജുവിനെ കുറിച്ചും പരാതിയിൽ പരാമർശമുണ്ട്. സംഭവ ദിവസം രാത്രി, തന്നെ വിളിച്ച് നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് പറഞ്ഞ എസ്‌പി, പിറ്റേ ദിവസം ലാത്തി ചാർജ് നടന്നിട്ടില്ലെന്ന് പറഞ്ഞത് ഞെട്ടിച്ചതായും പരാതിയിൽ പറയുന്നു.

അതേസമയം, ഷാഫി പറമ്പിലിനെതിരെ കേസ് നൽകാൻ ഇല്ലെന്ന് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്ക് എതിരെ തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കും. തെറ്റായ വാർത്തകളിൽ കേസ് നൽകാനാണ് ആഭ്യന്തര വകുപ്പിൻ്റെ അനുമതി തേടിയത് എന്നും അഭിലാഷ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

SCROLL FOR NEXT