തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് സി.ജി. ജയചന്ദ്രൻ. കുട്ടിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നത്. സർജിക്കൽ ഐസിയുവിലാണ് കുട്ടി ഇപ്പോൾ ഉള്ളതെന്നും സി.ജി. ജയചന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ ചികിത്സയിൽ തൃപ്ത അല്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് സി.ജി. ജയചന്ദ്രൻ പറഞ്ഞു. പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ അമ്മ അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ജയചന്ദ്രൻ പറഞ്ഞു.
മകൾ പാതി ശവത്തെപോലെയാണ് കിടക്കുന്നതെന്നും മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ തൃപ്തരല്ലെന്നുമായിരുന്നു പെൺകുട്ടിയുടെ കുടുംബം പറഞ്ഞത്. പിന്നാലെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കൽ ബോർഡ് ചേരട്ടെ എന്ന് പറഞ്ഞ് ചികിത്സ വൈകിപ്പിക്കുന്നുവെന്നതാണ് കുടുംബത്തിന്‍റെ പ്രധാന പരാതി. ദേഹത്ത് ഇരുപത് മുറിവുണ്ടെന്ന് പറയുമ്പോഴും ഇതുവരെ ചികിത്സ ആരംഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
20 മുറിവ് ദേഹത്ത് ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. തലയിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉണ്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വാസം എടുക്കുന്നുണ്ട്. മൂക്കിലൂടെ ചോര വരുന്നുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ടുപേരെയാണ് പ്രതി ഉപദ്രവിക്കാൻ നോക്കിയത്. ട്രെയിനിൽ എന്ത് സുരക്ഷയാണ് പെൺകുട്ടികൾക്കുള്ളതെന്നും പ്രിയദർശിനി ചോദിച്ചു.
കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ച് കയറിയ പ്രതി സുരേഷ് കുമാര്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പെണ്‍കുട്ടിയെ പുറത്തേക്ക് ചവിട്ടിയെറിഞ്ഞതെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ആക്രമണത്തിനിരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടി ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറികൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് നടുവിന് ചവിട്ടി താഴെയിട്ടതെന്നാണ് പ്രതിയുടെ ന്യായീകരണം. വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ട്രെയിനിലെ ശുചിമുറിക്ക് സമീപം നിന്ന ശ്രീക്കുട്ടിയെ ഒരു പ്രകോപനവുമില്ലാതെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികളടക്കം മൊഴിനല്‍കി. കുറ്റസമ്മതം നടത്തിയ ഇയാളെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരും തിരിച്ചറിഞ്ഞു. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. പെൺകുട്ടിയെ തള്ളിയിട്ട വിവരം യാത്രക്കാർ പൊലീസിൽ അറിയിക്കുകയും പൊലീസ് നടത്തിയ തിരച്ചിലില്‍ അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നും പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയുമാണ് ചെയ്തത്.