തിരുവനന്തപുരം : സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിലെ തന്നെ മേലുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ശരിയല്ലെന്നും, ലോകായുക്തയെപ്പോലുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമര്‍ശനം.
ലോകായുക്തയുടെ അധികാരങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ലോകായുക്തയുടെ ട്രൂ സ്പിരിറ്റിനെ ബാധിക്കുന്ന തരത്തില്‍ അത് ചെയ്യില്ലെന്ന് ചടങ്ങില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലോകായുക്ത കൂടുതല്‍ ആക്ടീവ് ആയാല്‍ അത് നല്ല ഭരണം നടക്കാന്‍ സഹായകമാകുമെന്നും ലോകായുക്തയുടെ റെക്കോര്‍ഡ് ഡിജിറ്റലൈസേഷന് ഉടന്‍ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്തയ്ക്ക് സ്വതന്ത്ര ഓഫീസ് സംവിധാനം ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചടങ്ങില്‍ ആവശ്യപ്പെട്ടു.