കൊച്ചി: എറണാകുളം തേവര പാലത്തിൽ അപകടത്തിൽ പെട്ടതിനെ തുടർന്ന് കൈവരിയിൽ കുടുങ്ങി കിടന്നിരുന്ന ടിപ്പർ ലോറി ഉയർത്തി മാറ്റി. തോപ്പുംപടിയിൽ നിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ചാണ് ലോറി മാറ്റിയത്. ഇന്ന് രാവിലെ 11 മണിക്ക് ശേഷമായിരുന്നു അപകടം. കൊച്ചി കോർപറേഷന് വേണ്ടി സർവീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ടിപ്പർ ലോറിയാണ് ഇന്ന് രാവിലെ 11 മണിക്ക് ശേഷം തേവര പാലത്തിൽ വെച്ച് അപകടത്തിൽ പെട്ടത്. തോപ്പുംപടിയിൽ നിന്ന് മാലിന്യവുമായി ബ്രഹ്മപുരം പ്ലാൻ്റിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ച് കയറി. ലോറിയുടെ ക്യാബിൻ ഭാഗം പൂർണമായും കായലിലേക്ക് തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു. അതിസാഹസികമായാണ് ലോറി ഡ്രൈവറായ വർക്കല സ്വദേശി സുനിൽ ക്യാബിനിൽ നിന്ന് പുറത്ത് കടന്നത്. അപകടത്തെ തുടർന്ന് തേവര അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തിരക്കേറിയ സമയം ആയതിനാൽ പൊലീസും ഫയർ ഫോഴ്‌സും ഇടപെട്ടാണ് വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിട്ടത്.
ക്രെയിൻ എത്താൻ വൈകിയതിനാൽ നാലര മണിക്കൂറോളം ലോറി പാലത്തിൽ കുടുങ്ങി കിടന്നു. പിന്നീട് തോപ്പുംപടിയൽ നിന്ന് എത്തിച്ച രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. ആദ്യ ശ്രമത്തിനിടെ ക്രെയിന്റെ കയർ പൊട്ടി വീണു. വീണ്ടും വടം കെട്ടി ലോറി ഉയർത്താനുള്ള ശ്രമം വിജയം കണ്ടു.പാലത്തിൻ്റെ കൈവരിയിൽ നിന്ന് മാറ്റിയ ലോറി ക്രെയിന്റെ സഹായത്തോടെ പുറത്തേക്ക് എത്തിച്ചു. ലോറി ഉയർത്താൻ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.