കോഴിക്കോട്: അർജുനായുള്ള കാത്തിരിപ്പും തെരച്ചിലും, ആ പോരാട്ടത്തിൻ്റെ മുന്നണി പോരാളിയായിരുന്നു മനാഫ്. പിന്നീട് ലോറിയുടമ മനാഫ് എന്നറിയപ്പെട്ട മനാഫ് ഒരു സഹോദരന് തുല്യമായാണ് അർജുനെ സ്നേഹിച്ചത്. ഒരു വർഷത്തിനിപ്പുറം ആ ഇരുണ്ട നാളുകൾ ഓർത്തെടുക്കുകയാണ് മനാഫ്.
ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനും ലോറിയും പെട്ടിട്ടുണ്ട് എന്നറിഞ്ഞ ആ നിമിഷം അർജുനെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടതാണ് മനാഫ്. 72 ദിവസം നീണ്ട പോരാട്ടം അയാൾ മുന്നിൽ നിന്ന് നയിച്ചു. നിറ കണ്ണുകളോടെയല്ലാതെ മനാഫിനെ അന്ന് നാം കണ്ടിട്ടില്ല. തന്റെ ലോറിയുടെ ഡ്രൈവറെ തേടിയല്ല, കൂടപ്പിറപ്പിനെ തേടിയാണ് മനാഫ് ഷിരൂരിലെത്തിയത്.
ഇന്നുമുതൽ ഇന്ത്യയിൽ ഇതുപോലെ ഒരു തെരച്ചിൽ നടന്നിട്ടില്ലെന്നാണ് മനാഫ് പറയുന്നത്. ഒരു വർഷത്തിനിപ്പുറം താൻ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷേ നികത്താൻ ആവാത്ത നഷ്ടം അർജുന്റെ കുടുംബത്തിന് തന്നെയെന്ന് മനാഫ് ഓർമിപ്പിക്കുന്നു. ഉയർന്നുവന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും അപ്പുറം അർജുന്റെ കുടുംബത്തിന് എപ്പോൾ എന്ത് ആവശ്യം വന്നാലും താൻ മുന്നിലുണ്ടാകുമെന്നും മനാഫ് പറയുന്നു.
"ഒരാൾക്ക് ഒരു പരിധിക്കപ്പുറം സഹായം ചെയ്യുന്നത് ദോഷം ചെയ്യും. കാലം തന്നെ ഒരു സാമൂഹ്യ പ്രവർത്തകൻ ആക്കി മാറ്റി. ഇനിയും സമൂഹത്തിനായി പലതും ചെയ്യാനുണ്ട്. സംഭവത്തിന് ശേഷം ഒരുപാട് ആളുകളെ സഹായിക്കാനായി," മനാഫ് പറഞ്ഞു.
മനാഫിന്റെ ജീവിതം പാടെ മാറി. പക്ഷെ മാറാതെ മറയാതെ ഓർമകൾ ഇപ്പോഴും കൊളുത്തിവലിക്കുകയാണ്. ജീവിതകാലത്തോളം ആ ഓർമകൾ ഒരു നോവായി തുടരുമെന്നും മനാഫിനറിയാം.