KERALA

LPST സമരം; ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : LPST വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന എം ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ജയകൃഷ്ണനും തല മുണ്ഡനം ചെയ്തത്. സമര സമിതി ചെയര്‍മാന്‍ വളര്‍മതി നേരത്തെ തലമുണ്ഡനം നടത്തിയിരുന്നു.

പ്രതിപക്ഷ നേതാവായിരിക്കെ വിഷയത്തില്‍ വാചാലനാവുകയും പരിഹാരങ്ങള്‍ക്കായി ഇടപെടുകയും ചെയ്തിരുന്ന വിഡി സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ തങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം. ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അനുകൂല നീക്കങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് സമരം അനിശ്ചിതമായി നീളുന്നത്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ മുന്നോട്ടുവെക്കുന്ന ഫോര്‍മുല നടപ്പാക്കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിരസിച്ചത്. സമരം പൊളിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ആശങ്കയുള്ളതായും സമരക്കാര്‍ പറയുന്നുണ്ട്.

138ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് അനിശ്ചിതകാല സമരം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കുന്നത്.

വളര്‍മതി ആശുപത്രിയിലായതോടെയാണ് എം ജയകൃഷ്ണന്‍ നിരാഹാരം ആരംഭിച്ചത്.

SCROLL FOR NEXT