എറണാകുളം: ലുലു മാളിൽ എത്തുന്ന ഉപഭോക്താക്കളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പാർക്കിങ് ഫീസ് പിരിക്കണോ വേണ്ടയോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
ഷോപ്പിംങ് മാളുകളിൽ പാർക്കിങ് ഫീസ് പിരിക്കണോ വേണ്ടയോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. പാർക്കിങ്ങിന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി. എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബോസ്കോ കളമശേരി നൽകിയ അപ്പീൽ ഹർജി തീർപ്പാക്കിയാണ് ഉത്തരവ് പുറത്തുവിട്ടത്. കേരള മുനിസിപ്പാലിറ്റി ബിൽഡിംങ് ചട്ടത്തിൽ നിശ്ചിതയളവിൽ പാർക്കിങ് ഏരിയ വേണമെന്ന് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും, ഇവിടെ ഫീസ് പിരിക്കുന്നതിന് ചട്ടത്തിൽ വിലക്കില്ലെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.