ഡൽഹി: കൊല കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് വിചിത്ര വ്യവസ്ഥകളോടെ ജാമ്യം നൽകിയ മധ്യപ്രദേശ് കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. മരങ്ങൾ നട്ടുപിടിപ്പിക്കുകയും സാമൂഹിക പ്രവർത്തനങ്ങൾക്ക് സേവനം ചെയ്യുകയും ചെയ്യണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തിയ ഹൈക്കോടതിയുടെ ന്യായീകരണം നിയമത്തിന് നിരക്കാത്തതാണെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ. വി. അഞ്ജരിയയും പറഞ്ഞു.
"കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് സാമൂഹിക കാരണങ്ങൾ മുന്നോട്ട് വെച്ച് മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിയമപരമായ അടിസ്ഥാനങ്ങളിൽ നിന്നും വ്യതിചലിച്ചു. ഇത്തരത്തിലുള്ള ഉത്തരവ് നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല"; ഉത്തരവ് പ്രഖ്യാപിക്കുന്നതിനിടെ ജസ്റ്റിസ് കുമാർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ ജീവപര്യന്തം തടവ് താൽക്കാലികമായി നിർത്തിവച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വ്യവസ്ഥകളുടെ ഭാഗമായി, ഓരോ പ്രതിയും 6 മുതൽ 8 അടി വരെ ഉയരമുള്ള വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം. 3 മുതൽ 4 അടി വരെ ആഴമുള്ള കുഴികൾ കുഴിക്കണം, കൂടാതെ ജാമ്യത്തിൽ വിട്ടയച്ചതിൻ്റെ 30 ദിവസത്തിനകം നട്ടുപിടിപ്പിച്ച സസ്യങ്ങളുടെ ചിത്രങ്ങൾ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
വിചാരണ അവസാനിക്കുന്നതുവരെ ഓരോ മൂന്ന് മാസത്തിലും വിചാരണ കോടതിയിൽ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും, തൈകൾ പരിപാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ജാമ്യം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി അറിയിച്ചിരുന്നു.
മരം നടുന്നതിലൂടെയും, സാമൂഹ്യ സേവനം നടത്തുന്നതിലൂടെയും അവരുടെ ദുഷ്പ്രവൃത്തികൾ ശുദ്ധീകരിക്കാൻ കുറ്റവാളികൾ തയ്യാറാണെന്ന് രേഖപ്പെടുത്തിയതിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആ സമീപനം ഭയാനകമാണെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു. ഇതിനുപിന്നാലെയാണ് കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.