തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ മദ്യനയമാണ് അവസാന വാക്കെന്ന് മന്ത്രി എം. ലിജു. ബജറ്റിൽ പ്രഖ്യാപിച്ചത് നികുതി മാത്രമാണ്. മദ്യനയത്തിൽ തീരുമാനം എടുക്കുക യുഡിഎഫ് ആണെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ പൊതുനയം മദ്യവ്യാപനം കുറയ്ക്കുക എന്നതാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു. 2022ലെ എൽഡിഎഫ് സർക്കാരിൻ്റെ അബ്കാരി നയമാണ് വീര്യം കുറഞ്ഞ മദ്യം. മയങ്ങില്ല കേരളം എന്ന പേരിൽ പുതിയ ക്യാമ്പയിൻ ആരംഭിക്കുമെന്നും എം. ലിജു പറഞ്ഞു.
എല്ലാ താലൂക്കുകളിലും ഡി അഡിക്ഷൻ സെൻ്ററുകൾ സ്ഥാപിക്കും. 'മയങ്ങില്ല കേരളം ജനജാഗ്രത പോർട്ടൽ' ഉടൻ പ്രവർത്തനം ആരംഭിക്കും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് പങ്കുവെക്കാം. ജൂലൈ ഒന്നു മുതൽ ഇതിൻ്റെ പ്രവർത്തനം ആരംഭിക്കും.
"ഓപ്പറേഷൻ ശുദ്ധി" എന്ന പേരിൽ വ്യാജ കള്ള് പിടിച്ചെടുക്കാനുള്ള പദ്ധതി ആരംഭിക്കും. സർക്കാറിൻ്റെ മദ്യനയം ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറിച്ചു കൊണ്ടുവരുകയെന്നതാണ്. അബ്കാരി നയത്തിൻ്റെ ഡ്രാഫ്റ്റ് വകുപ്പ് തയ്യാറാക്കും. ഇക്കാര്യത്തിൽ എല്ലാ മേഖലയിൽ പെട്ട ആളുകളുമായി ചർച്ചചെയ്യുമെന്നും എം. ലിജു പറഞ്ഞു.
മദ്യനയം വന്നിട്ടേ അവസാന തീരുമാനം ഉണ്ടാവുകയുള്ളൂ. 2022ലെ എൽഡിഎഫ് സർക്കാരിൻ്റെ അബ്കാരി നയമാണ് വീര്യം കുറഞ്ഞ മദ്യം. യുഡിഎഫ് ഇപ്പോൾ നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം തയ്യാറാക്കുന്നത് കർഷകരെ സഹായിക്കാനെന്നാണ് മുൻപ് എം.വി. ഗോവിന്ദൻ പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യം വിൽക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എം. ലിജു പറഞ്ഞു.
അബ്കാരി നയം വന്നതിന് ശേഷം ഇത് നടപ്പിലാക്കിയാൽ സ്ലാബ് എങ്ങനെ എന്ന് ആണ് ബജറ്റിൽ മുഖ്യമന്ത്രി പരാമർശിച്ചത്. എല്ലാത്തിനും അതിൻ്റേതായ നിയമമുണ്ട്. യുഡിഎഫ് കൊടുത്ത വാഗ്ദാനം കൂട്ടായ ചർച്ചയിലൂടെ നിലപാട് എടുക്കും. വി.എം. സുധീരന് അദ്ദേഹത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ട്.
മദ്യനയം വരുന്നതിനു മുൻപ് വിൽപ്പന അപേക്ഷ വന്നാൽ എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിൽ അനുമതി നിഷേധിക്കും. ജവാൻ മദ്യത്തിൻ്റെ ഉൽപ്പാദനത്തിൽ വന്ന പ്രതിസന്ധി സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉൽപ്പാദനം നിലച്ചത് മുൻ സർക്കാരിൻ്റെ കാലത്താണെന്നും എം. ലിജു പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമഗ്രമായ പ്രവർത്തന പദ്ധതി എക്സൈസ് ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ എണ്ണത്തിലും, ഉപകരണത്തിലും, വാഹനങ്ങളുടെ എണ്ണത്തിലും കുറവ് ഉണ്ട്. പുതിയ തസ്തിക സൃഷ്ടിക്കില്ല. പകരം നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർ വിന്യസിക്കും.
സ്റ്റേറ്റ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി യാഥാർത്ഥ്യമാക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു. ഇതോടെ പിടിക്കപ്പെടുന്ന ലഹരി മരുന്നുകൾ ഏതെന്ന് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും എം. ലിജു പറഞ്ഞു.