സിപിഐഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് നേതാക്കൾ. കത്ത് ചോർച്ചയെ പറ്റി അറിയില്ലെന്നും, മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് പ്രതികരിക്കുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞു.
നിലവിലെ ആരോപണങ്ങളെ പൂർണമായും പുച്ഛിച്ചു തള്ളുന്നു എന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. ഗോവിന്ദൻ മാഷിൻ്റെ മകൻ വളർന്നുവരുന്ന ഒരു കലാകാരൻ ആണ്. അവനെ നശിപ്പിക്കരുത്. വാർത്തകളിൽ ഒരു കണ്ടൻ്റും ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഏതെങ്കിലും രണ്ട് വാർത്ത വന്നാൽ പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോ. എം.വി. ഗോവിന്ദൻ ശുദ്ധനും സത്യസന്ധനുമായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ല. പാർട്ടി സെക്രട്ടറി ആയപ്പോൾ അല്ലെ ആരോപണം വന്നത്. അപ്പോൾ പാർട്ടി സെക്രട്ടറി ആയതാണ് പ്രശ്‌നം. പാർട്ടി സെക്രട്ടറി ആയ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. ചർച്ച ചെയ്യുന്നത് അർഥമില്ലാത്ത കാര്യങ്ങളാണ്. അതിൽ ഒരു കണ്ടൻ്റും ഇല്ല. എന്നിട്ട് ഒരു പത്രത്തിൻ്റെ അഞ്ചു പേജ് ഇതിനുവേണ്ടി മാറ്റി വച്ചിരിക്കുന്നു. ഇതൊക്കെ ഒരു ഉള്ളി തൊലിപൊളിച്ച് കളയുന്നതുപോലെ ഉള്ളൂവെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പാർട്ടി സെക്രട്ടറിയായത് കൊണ്ടാണ് ഗോവിന്ദൻ മാഷ് ആക്രമിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങൾ മുൻപും സെക്രട്ടറിമാർക്കെതിരെ ഉണ്ടായിട്ടുണ്ട്. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ അദ്ദേഹത്തെ വലിച്ചു കീറി ഒട്ടിച്ചു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി ആയപ്പോഴും ആക്രമിച്ചു. അദ്ദേഹത്തിൻ്റെ മകൻ മികച്ച കലാകാരൻ, നശിപ്പിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു. വഴിയിൽ പോകുന്നവർ അയക്കുന്ന കത്ത് ചോർത്തികൊടുക്കുന്നത് അല്ല എം.എ. ബേബിയുടെ പണിയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ കൂരിരുട്ടിൽ പൂച്ചയെ തപ്പുന്നുവെന്നായിരുന്നു എം. വി. ജയരാജൻ്റെ പ്രതികരണം. വിഷയം പാർട്ടി പ്രശ്നമല്ല, രണ്ടാളുകൾ തമ്മിലുള്ള തർക്കം മാത്രമാണ്. രാജേഷിനെതിരെ ഷർഷാദ് പരാതി കൊടുക്കുന്നു, ഭാര്യ ഷർഷാദിനെതിരെ പരാതി കൊടുക്കുന്നു.അങ്ങോട്ടും ഇങ്ങോട്ടും കേസ് കൊടുക്കുന്നു. ആദ്യം വേണ്ടത് ആ സ്ത്രീക്ക് ജീവനാശം നൽകുകയാണ്. ഷർഷാദിൻ്റെ ആരോപണങ്ങളിൽ ഒരു സിപിഐഎം നേതാവിനും പങ്കില്ലെന്നും എം. വി. ജയരാജൻ വ്യക്തമാക്കി.
കത്ത് വിവാദത്തോടെ സിപിഐഎമ്മിന് ഉത്തരംമുട്ടിയെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. ആരോപണം നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക, അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നു. ഗുരുതരമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സിപിഐഎം നേതാക്കന്മാരുടെയും സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ്. സിപിഐഎം സംശയത്തിൻ്റെ നിഴലിലാണ്. അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.