എം.എ. ബേബി 
KERALA

പാര്‍ട്ടി അസാധാരണ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് അസാധാരണ തീരുമാനങ്ങള്‍; പാര്‍ട്ടിയുടെ ഭാവിക്ക് പുതു തലമുറ വേണം: എം.എ. ബേബി

പാര്‍ട്ടിയുടെ ഭാവിക്ക് പുതിയ തലമുറ ആവശ്യമാണ്, അത് മനസില്‍ വച്ചുകൊണ്ടാണ് വനിതകൾക്കും യുവജനങ്ങൾക്കും പരിഗണന നൽകിയത്

Author : ന്യൂസ് ഡെസ്ക്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസാധാരണ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അസാധാരണ തീരുമാനങ്ങള്‍ ഉണ്ടായതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. പുതിയ സാഹചര്യത്തില്‍ ചിലരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് കണ്ടു. മുമ്പ് ഉള്‍പ്പെടുത്താമെന്ന് വിലയിരുത്തപ്പെട്ടവരാണ്. ആ തീരുമാനം ഇപ്പോള്‍ കൈക്കൊണ്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനം വേണം. പാര്‍ട്ടിയുടെ ഭാവിക്ക് പുതു തലമുറ വേണം. അതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായത്. തെറ്റുതിരുത്തലിന്റെ ഭാഗമായാണ് നടപടികളെന്നും എം.എ. ബേബി ന്യൂസ് മലയാളത്തോടു പറഞ്ഞു.

പി. ജയരാജന്‍, എം.ബി. രാജേഷ് ഉള്‍പ്പെടെ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അത്തരമൊരു പിഴവ് തിരുത്തുന്നതാണോ പുതിയ തീരുമാനം എന്ന ചോദ്യത്തിന്, അതൊരു പിഴവായി കാണേണ്ടതില്ല എന്നായിരുന്നു ബേബിയുടെ മറുപടി. അന്നത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്ത്, അന്ന് എടുക്കാന്‍ കഴിയുന്നവരെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചിലരെക്കൂടി ഉള്‍പ്പെടുത്തേണ്ടതായി വന്നു. അതായത്, മുമ്പ് ഉള്‍പ്പെടുത്താന്‍ സാധിക്കാത്തവരെ പുതിയ അവസരം വന്നപ്പോള്‍ ഉള്‍പ്പെടുത്തിയെന്നു മാത്രം. പാര്‍ട്ടിയുടെ ഭാവിക്ക് പുതിയ തലമുറ ആവശ്യമാണ്. അത് മനസില്‍ വച്ചുകൊണ്ടാണ് വനിതകൾക്കും യുവജനങ്ങൾക്കും പരിഗണന നൽകിയത്. അഖിലേന്ത്യ നേതൃത്വത്തിന്റെ സഹായത്തോടെ സംസ്ഥാന വിപുലീകൃത കമ്മിറ്റിയില്‍ എടുത്ത തീരുമാനമാണ് അത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പോളിറ്റ് ബ്യൂറോയ്ക്ക് സന്തോഷമുണ്ട്. പാര്‍ട്ടി ശരിയായ പാതയിലാണ് മുന്നോട്ടുപോകുന്നതെന്നും ബേബി പറഞ്ഞു. അതേസമയം, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിച്ച വാര്‍ത്തകളെ അദ്ദേഹം തള്ളി.

ഐക്യബോധ്യത്തോടെ, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകണമെന്നാണ് യോഗത്തില്‍ തീരുമാനമായതെന്ന് ബേബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്നു, നരേന്ദ്ര മോദി സര്‍ക്കാര്‍ വര്‍ഗീയ പദ്ധതികളുമായി മുന്നോട്ടുപോകുന്നു. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയെ ശക്തമാക്കും. ഇടത് നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. അതിനെതിരെയും ശക്തമായ സമരമുണ്ടാകും.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചെറിയ പുനസംഘടന നടത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലേക്ക് യുവാക്കളെയും വനിതകളെയും സ്ഥിരം ക്ഷണിതാക്കളാക്കിയിട്ടുണ്ട്. നിരന്തരം നവീകരിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. അഖിലേന്ത്യ തലത്തില്‍ പുതിയ പാര്‍ട്ടി കോണ്‍ഗ്രസിന് ഇനി ഒന്നര വര്‍ഷമാണുള്ളത്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിട്ട് ഒന്നര വര്‍ഷമായി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിഞ്ഞു എന്ന ഇടക്കാല അവലോകനം ഉണ്ടാകും. അതിന്റെ ഭാഗമായി ചിലപ്പോള്‍ പുനഃസംഘടന ഉണ്ടാകുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT