പാര്‍ട്ടി ശാസിച്ചോ? സംഘടനാപരമായ കാര്യങ്ങൾ നിങ്ങളോട് പറയേണ്ടതില്ല; പാര്‍ട്ടി തിരുത്തല്‍ പ്രക്രിയയിലെന്ന് എം.വി. ഗോവിന്ദന്‍

പാര്‍ട്ടിയില്‍ മൂന്നു മാസം കൂടുമ്പോള്‍ എല്ലാ തലത്തിലും പരിശോധന നടത്തും. ആറു മാസത്തിലൊരിക്കല്‍ അവലോകന യോഗം കൂടുമെന്നും എം.വി. ഗോവിന്ദന്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍Source: Facebook/ CPIM Kerala
Published on
Updated on

കോഴിക്കോട് നടന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിപുലീകൃത സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തിയായെന്ന് ഗോവിന്ദന്‍ പറഞ്ഞു. മൂന്ന് പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. പാര്‍ട്ടിയില്‍ മൂന്നു മാസം കൂടുമ്പോള്‍ എല്ലാ തലത്തിലും പരിശോധന നടത്തും. ആറു മാസത്തിലൊരിക്കല്‍ അവലോകന യോഗം കൂടും. തിരുത്തല്‍ പ്രക്രിയയിലാണ് പാര്‍ട്ടി. അത് ഒരു ദിവസംകൊണ്ട് തീരുന്നതല്ല. ശരിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. അതൊരു തുടര്‍ പ്രക്രിയയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെ വീഴ്ചകളില്‍ പാര്‍ട്ടി ശാസിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ല. സംഘടനാപരമായ കാര്യങ്ങൾ നിങ്ങളോട് പറയേണ്ടതില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.

മൂന്ന് പ്രമേയങ്ങള്‍ കമ്മിറ്റി അംഗീകരിച്ചുവെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചു. വര്‍ഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കും, പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള ഇഡിയുടെ കള്ളപ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികള്‍, ജനവിരുദ്ധ ഭരണം നടത്തുന്ന യുഡിഎഫ്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടം എന്നിങ്ങനെ പ്രമേയങ്ങളാണ് കമ്മിറ്റി അംഗീകരിച്ചത്. പാര്‍ട്ടിയില്‍ മൂന്നു മാസം കൂടുമ്പോള്‍ എല്ലാ തലത്തിലും പരിശോധന നടത്തും. ആറു മാസത്തിലൊരിക്കല്‍ അവലോകന യോഗം കൂടും. എല്ലാ ജില്ലയിലും അടുത്തമാസം 17,18 തീയതികളില്‍ വിപുലീകൃത കമ്മിറ്റി യോഗം ചേരും. ഏരിയ തലത്തിൽ നിന്ന് സെക്രട്ടറിക്കു പുറമേ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ യോഗത്തില്‍ പങ്കെടുക്കും. കമ്മിറ്റികളുടെ സമാപനം ജനകീയ രീതിയിൽ നടത്തും.

സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണനേയും, ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി. ഇരുവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി നിന്നുകൊണ്ട് സെക്രട്ടേറിയറ്റിനെ സഹായിക്കും. ഇരുവര്‍ക്കും പകരം, പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ മൂന്നു പേരെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. പി. ജയരാജന്‍, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ്‍ സെക്രട്ടേറിയറ്റിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കും. സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
തിരുത്തല്‍ തുടങ്ങി സിപിഐഎം; ആദ്യ അഴിച്ചുപണി തലപ്പത്ത്, എല്‍ഡിഎഫ് കണ്‍വീനറും മാറും; എം.വി. ഗോവിന്ദന് ശാസന

സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. ഒമ്പതു പേരെയാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെയ്‌ക് സി. തോമസ്, എം. വിജിന്‍, ഒ.എസ്. അംബിക, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, ആദർശ് എം. സജി, എൻ. സുകന്യ, സുബൈദ ഇസ്‌ഹാഖ്, പ്രഭാവർമ്മ എന്നിവരെയാണ് ക്ഷണിതാക്കളായി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഡിക്കെതിരെ അതിശക്തമായ പ്രചാരണം നടത്തും. പാർട്ടിക്കെതിരായ കടന്നാക്രമണത്തെ ചെറുത്തുതോൽപ്പിക്കും. മുൻപും ഇത്തരം വാർത്തകൾ ആവിയായി പോയത് കണ്ടതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടി ശാസിക്കാന്‍ തീരുമാനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സംഘടനാപരമായ കാര്യങ്ങള്‍ നിങ്ങളോടു പറയേണ്ടതില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. നിങ്ങളോട് പറയേണ്ടത് എന്താണോ അതാണ് പറയുക. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടായ വീഴ്ച ചര്‍ച്ച ചെയ്തിട്ടുണ്ട്. നേതൃമാറ്റം ഇപ്പോഴും ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് കണ്‍വീനറുടെ മാറ്റവും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റും പരാജയം നേരത്തെ അംഗീകരിച്ചതാണ്. തെറ്റുകള്‍ ഞങ്ങള്‍ തിരുത്തും. തിരുത്തല്‍ പ്രക്രിയയിലാണ് ഞങ്ങള്‍. അത് ഒരു ദിവസം കൊണ്ട് തീരുന്നതല്ല. ശരിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അതിവിടെ അവസാനിക്കുകയില്ല, അതൊരു തുടര്‍ പ്രക്രിയയാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com