തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ അഭിമുഖങ്ങളിൽ വൻ അട്ടിമറി നടക്കുന്നുവെന്ന് ഗുരുതര ആരോപണം. സംസ്ഥാന ആസൂത്രണ ബോർഡിൽ യോഗ്യതയില്ലാത്തവരും കയറിപ്പറ്റിയെന്ന് മുൻ സംസ്ഥാന ആസൂത്രണ ബോഡ് അംഗവും പിഎസ്‌സി ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗവുമായിരുന്ന ജി.വിജയരാഘവൻ വെളിപ്പെടുത്തി.
പിഎസ്‌സി അഭിമുഖങ്ങളിൽ വിഷയത്തിൽ വൈദഗ്ധ്യമുള്ളവർക്ക് മാർക്കിടാനോ അന്തിമ തീരുമാനമെടുക്കാനോ അധികാരമില്ല. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് പിഎസ്‌സി അംഗത്തിൻ്റെ വ്യക്തി താൽപര്യമനുസരിച്ചാണെന്നും വിജയരാഘവൻ ആരോപിച്ചു.
ബോർഡ് അംഗങ്ങൾക്ക് മേൽ പുറത്ത് നിന്നുള്ള ബാഹ്യസമ്മർദ്ദങ്ങളുണ്ട്. ഈ രീതി സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും പിഎസ്‌സിക്ക് കത്തെഴുതിയെന്നും ജി.വിജയരാഘവൻ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് പിഎസ്‌സി മുൻ ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗത്തിൻ്റെ വെളിപ്പെടുത്തൽ.