ആദില, നൂറ, ഫൈസൽ എ.കെ Source: Facebook
KERALA

"ഗൃഹപ്രവേശനത്തിന് ഇരുവരുമെത്തിയത് എൻ്റെ അറിവോടെയല്ല"; ആദിലയെയും നൂറയെയും അപമാനിച്ച് മലബാർ ഗോൾഡ് ഉടമ; സോഷ്യൽ മീഡിയയിൽ വിമർശനം

ഗൃഹപ്രവേശന ചടങ്ങിലെ ഇരുവരുടെയും പങ്കാളിത്തം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നാണ് ഫൈസലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദിലയെയും നൂറയെയും അപമാനിച്ച് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ ഫൈസല്‍ എ കെ. ഗൃഹപ്രവേശന ചടങ്ങിലെ ഇരുവരുടെയും പങ്കാളിത്തം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് ഫൈസലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗൃഹപ്രവേശനത്തിന് ഇരുവരും പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്നും ഫൈസൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മലബാർ ഗോൾഡ് ഡയറക്ടർ ഫൈസല്‍ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഇതിൽ ആദിലയും നൂറയും എത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇത് തൻ്റെ അറിവോടെയല്ലെന്നാണ് ഫൈസൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇരുവരും പങ്കെടുത്തത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സോഷ്യല്‍മീഡിയില്‍ ഒരു കൂട്ടം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഫൈസലിന്‍റെ വിശദീകരണ പോസ്റ്റ്.

"പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല. പൊതു സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എന്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു," പോസ്റ്റിൽ ഫൈസൽ കുറിച്ചു.

ഫൈസലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫൈസലിന്‍റെ പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സമൂഹം ചേര്‍ത്ത് നിര്‍ത്തിയ രണ്ട് വ്യക്തികളെ ഇങ്ങനെ അപമാനിക്കരുതെന്ന് ചൂണ്ടി കാട്ടി നിരവധി പേർ രംഗത്തെത്തി. പിന്നാലെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു.

SCROLL FOR NEXT