KERALA

'മലബാർ മിസ്റ്ററി', സംസ്ഥാന സർക്കാർ നിർമിക്കുന്ന ബ്രാൻഡിക്ക് പേരിട്ടു

'മലബാർ മിസ്റ്ററി' അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുക

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

തിരുവനന്തപുരം: ജവാൻ റമ്മിന് ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന ബ്രാൻഡി മദ്യത്തിന് 'മലബാർ മിസ്റ്ററി' എന്ന് പേരിട്ടു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. അന്നേ ദിവസം തന്നെ വേദിയിൽ സർക്കാർ നിർമിക്കുന്ന ബ്രാൻഡിയുടെ പേര് പ്രഖ്യാപിക്കും.

'മലബാർ മിസ്റ്ററി' അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുക. സർക്കാർ മദ്യമായ ജവാൻ പോലെ തന്നെ താരതമ്യേന വില കുറഞ്ഞതാകും പുതിയ മദ്യവും. പാലക്കാട് പ്രവർത്തനം ആരംഭിക്കുന്ന പ്ലാൻ്റിൽ ദിവസവും 1,08,000 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും.

നേരത്തെ ബെവ്കോ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നായി പേരുകൾ ക്ഷണിച്ചപ്പോൾ നാൽ‌പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. എന്നാൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ പേരുകൾ പരിഗണിക്കാൻ സാധിക്കാതെ വന്നിരുന്നു. ഇതോടെയാണ് വകുപ്പ് തന്നെ പേര് നിർദേശിച്ചത്.

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പാലക്കാട് മലബാർ ഡിസ്റ്റിലറീസിന്റെ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാറിൻ്റെ സത്യവാങ്മൂലം. മലബാർ ഡിസ്റ്റിലറീസ് പരസ്യം നൽകുമ്പോൾ പുതിയ ബ്രാൻഡിനുള്ള ലൈസൻസ് നൽകിയിരുന്നില്ല. നിലവിലുള്ള ഒരു ലഹരി ഉത്പന്നത്തിൻ്റെ ഉപഭോഗമോ വിൽപ്പനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നൽകുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാവുക. നിർദേശങ്ങൾ ക്ഷണിക്കുന്നതിൽ നിയമലംഘനമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ആരോപിക്കപ്പെടുന്ന പരസ്യത്തിൽ പുതിയ മദ്യത്തിൻ്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ല. അതിനാൽ പരസ്യം ചട്ടവിരുദ്ധമല്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കഴിഞ്ഞയാഴ്ച മദ്യത്തിൻ്റെ പേരിടൽ മത്സരത്തോടനുബന്ധിച്ച എല്ലാ തുടർ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ബിവറേജസ് കോർപറേഷൻ്റെ കീഴിൽ മലബാർ ഡിസ്റ്റിലറീസ് നിർമിക്കുന്ന പുതിയ ബ്രാൻഡിയുടെ ലോഗോയും പേരും നിർദേശിക്കുന്നവർക്ക് 10000 രൂപ നൽകുമെന്നുള്ള തരത്തിലുള്ള പരസ്യം നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇത്തരത്തിലൊരു ബ്രാൻഡി നിർമിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുള്ള വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നും ബിവറേജസ് കോർപറേഷനും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT