KERALA

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ വയോധികന് ദാരുണാന്ത്യം

വീടിന് സമീപത്തുള്ള മര ചുവട്ടിൽ കിടന്നുറങ്ങുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശി ചന്ദ്രന് ദാരുണാന്ത്യം. വീടിന് സമീപത്തുള്ള മര ചുവട്ടിൽ കിടന്നുറങ്ങുമ്പോൾ പുലർച്ചെയോടെ ചന്ദ്രനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചന്ദ്രനൊപ്പം രണ്ട് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.

ചൂടുകാരണം വീടിന് പുറത്ത് ഉറങ്ങുമ്പോഴാണ് ആന ആക്രമിച്ചതെന്ന് മരിച്ച ചന്ദ്രൻ്റെ ബന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു. പുലർച്ചയോട് കൂടിയാണ് ആക്രമണം ഉണ്ടായത്. ആനയുടെ ശബ്ദം കേട്ടാണ് കൂടെ ഉണ്ടായവർ എഴുന്നേറ്റ് ഓടിയതെന്നും ബന്ധു പറഞ്ഞു.

മലമ്പുഴ ഗ്രാമപഞ്ചായത്തിൽ പലയിടത്തും കാട്ടാനശല്യം രൂക്ഷമാണെന്നും ഡിഫ്ഒയെ കണ്ട് പരാതി അറിയിച്ചിരുന്നു എന്നും മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത്ത് പറഞ്ഞു. കാട്ടാന ഇറങ്ങുമ്പോൾ തുരത്തുന്നത് അല്ലാതെ ശാശ്വതമായ പരിഹാരം വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഫെൻസിങ് ഉണ്ടെങ്കിലും അതിൻ്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വിമർശനം ഉന്നയിച്ചു.

അതേസമയം, സമീപകാലത്ത് ആനയുടെ ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ആർ. കൃഷ്ണദാസിൻ്റെ പ്രതികരണം. ഫെൻസിങ് പൂർണമായി പ്രവർത്തിക്കുന്നുണ്ട്. ആന ഡാമിൻ്റെ ഭാഗത്ത് നിന്ന് കയറി വന്ന് ഫെൻസിങ് തകർത്തു പോകുകയാണ് ഉണ്ടായത്. കാട്ടിലേക്ക് കയറിയ ആനയെ ട്രാക്ക് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് തന്നെ നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കും എന്നും കെ. ആർ. കൃഷ്ണദാസ് അറിയിച്ചു.

SCROLL FOR NEXT