മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ തുടങ്ങിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടയ്‌ക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ടി.കെ. നഗർ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്താണ് മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. മഴയില്ലാതിരുന്ന സമയമായതിനാല്‍, ആരും അത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. വെള്ളം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലില്‍ കുറച്ചുപേരുടെ ജീവന്‍ രക്ഷിക്കാനായി. വെള്ളം ഇരച്ചെത്തുന്നതു കണ്ട ചിലര്‍ ഓടി രക്ഷപ്പെട്ടു. മറ്റു ചിലര്‍ നീന്തിയും രക്ഷപ്പെട്ടു.