

കാസര്‍ഗോഡ് മെഡിക്കൽ കോളേജ് ഐപി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് പ്രതിസന്ധി. ആശങ്ക ഉയർത്തി പനിബാധിതരുടെ എണ്ണം വർധിക്കുമ്പോഴും പ്രശ്നപരിഹാരം ഉണ്ടാവുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വിദഗ്ധ ഡോക്ടർമാരുടെ അഭാവവും സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളെ വലയ്ക്കുന്നു. ജനറൽ ആശുപത്രി മോർച്ചറിയിൽ ഫ്രീസർ പോലും പ്രവർത്തിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞു.
കാസര്‍ഗോട്ടെ സാധാരണക്കാരടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ ആശ്രയ കേന്ദ്രമാണ് ജനറൽ ആശുപത്രി. പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മതിയായ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതുമാണ് നിലവിൽ രോഗികളെ ദുരിതത്തിലാക്കുന്നത്. ഡോക്ടർമാരുടെ കുറവുകാരണം നിലവിലുള്ള ഡോക്ടർമാർ രാപകൽ വിശ്രമമില്ലാതെ ഡ്യൂട്ടിയെടുക്കേണ്ട സാഹചര്യമാണ്. ഡോക്ടർമാരുടേതുൾപ്പെടെ അടിയന്തിരമായി ഒഴിവുകൾ നികത്തുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയിട്ടും ഒന്നും നടന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഓര്‍ത്തോ, സര്‍ജറി, ഫിസിഷ്യന്‍, ഗൈനക്കോളജി തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ കുറവും അവധിയും ചികിത്സയെ ബാധിക്കുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യത കുറയുന്നത് രോഗികള്‍ക്കും ആശങ്ക വർധിപ്പിക്കുകയാണ്. ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായിട്ടും പരിഹരിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.
രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഈ കുറവ്. അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് സര്‍ജറി വിഭാഗത്തിന്റെ സേവനം നിര്‍ണായകമാണ്. ജീവനക്കാരുടെ കുറവ് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നുണ്ട്. അടിയന്തരമായി അവധിയിലുള്ള ഡോക്ടര്‍മാര്‍ക്ക് പകരം താല്‍ക്കാലിക ക്രമീകരണം നടത്തുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്.