മലപ്പുറം: രാജ്യത്ത് ആദ്യമായി എയർകണ്ടീഷൻ ചെയ്ത ഹൈടെക് സർക്കാർ സ്കൂൾ ഒരുക്കി ശ്രദ്ധ നേടുകയാണ് മലപ്പുറം നഗരസഭ. യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലാണ് മേൽമുറി മുട്ടിപ്പടി ഗവ. എൽപി സ്കൂളിന് സ്ഥലം വാങ്ങി എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചു നൽകിയത്. നഗരസഭാ ചെയർമാൻ പഠിച്ച സ്കൂളിനെ തകർച്ചയിൽ നിന്ന് കരകയറ്റുക മാത്രമല്ല , രാജ്യത്ത് തന്നെ ഒരു വ്യത്യസ്ത പദ്ധതി വിജയകരമായി നടപ്പാക്കാനും യുഡിഎഫ് ഭരണ നേതൃത്വത്തിന് കഴിഞ്ഞു.
നൂറ് വർഷത്തോളം പഴക്കമുള്ള , മുട്ടിപ്പടി സർക്കാർ എൽപി സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ രണ്ടു വർഷം വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയില്ല. സ്കൂൾ നഷ്ടമാകാതിരിക്കാൻപുതിയ കെട്ടിടം നിർമിക്കണം. നഗരസഭ ഇക്കാര്യം തീരുമാനിച്ചപ്പോൾ പൂർവവിദ്യാർഥി കൂടിയായ നഗരസഭാ ചെയർമാൻ മുജീബ് കാടേരി അത് വേറിട്ടതാക്കാൻ കൂടി തീരുമാനിച്ചു. ഇതോടെ വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് പുതിയ ഒരു പഠനലോകമാണ് ഒരുക്കിയിരിക്കുന്നത്.
യുകെജി മുതൽ നാലാം ക്ലാസ് വരെ മൂന്ന് നിലകളിലായി എട്ട് ക്ലാസ് മുറികളാണ് ഉള്ളത്. കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, പ്രധാന അധ്യാപികയുടെ ഓഫീസ് റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. സാധാരണ ബെഞ്ചുകളിൽ നിന്നും, ഡെസ്കുകളിൽ നിന്നും വ്യത്യസ്തമായി സർക്കാർ സ്കൂളുകളിൽ ഒന്നും പരിചിതമല്ലാത്ത വിധം മോഡേൺ എഫ്ആർപി ബെഞ്ചും ഡെസ്കുമാണ് ഓരോ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുള്ളത്.
കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പാദരക്ഷകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂ റാക്കുകൾ, ഓരോ ക്ലാസ് റൂമിലും പ്രത്യേക ലൈബ്രറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
അഞ്ചു കോടി രൂപയാണ് നഗരസഭ സ്കൂളിനായി ചെലവഴിച്ചത്. നിർമാണത്തിന് പി. ഉബൈദുള്ള എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപയും നൽകി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമ്പോൾ അവയ്ക്ക് ഒപ്പം നിന്ന് സ്വന്തം ആശയം നടപ്പാക്കി മലപ്പുറം നഗരസഭ രാജ്യത്ത് തന്നെ ശ്രദ്ധേയമായിരിക്കുകയാണ് .