പ്രതീകാത്മക ചിത്രം Source: Hindustan Times
KERALA

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മലപ്പുറത്ത് വിദ്യാർഥി മരിച്ചു; പ്രതിഷേധിച്ച് യുഡിഎഫ്

മീൻ പിടിക്കാൻ പോയ കുടുംബത്തിലെ നാല് പേർക്കാണ് ഷോക്ക് ഏറ്റത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മീൻ പിടിക്കാൻ പോയ കുടുംബത്തിലെ നാല് പേർക്കാണ് ഷോക്ക് ഏറ്റത്. പന്നിക്കെണിയിൽ നിന്നാണ് വിദ്യാർഥികൾക്ക് ഷോക്ക് ഏറ്റത്.

15 വയസുകാരൻ അനന്ദു (ജിത്തു) ആണ് അപകടത്തിൽ മരിച്ചത്. രണ്ട് വിദ്യാർഥികൾ ഷോക്കേറ്റ് ചികിത്സയിലാണ്. യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ചികിത്സയിലുള്ളത്.

നേതാക്കളായ എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, ഷോൺ ജോർജ് തുടങ്ങിയവർ ആശുപത്രിയിലെത്തി. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ എം. സ്വരാജ് പ്രതികരിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ഗൗരവകരമായ അന്വേഷണം വേണം. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയുമായി സംസാരിച്ചുവെന്നും സ്വരാജ് പ്രതികരിച്ചു.

കൃത്യമായ അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു. സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ ഭാഗത്ത് വൻ വീഴ്ചയുണ്ടായെന്നും ആരോപിച്ചു.

വിദ്യാർഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. കെഎസ്ഇബിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.

അതേസമയം, സ്വകാര്യഭൂമിയിലാണ് പന്നിക്കെണി സ്ഥാപിച്ചിരുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

അപകടത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രതികരിച്ചു. അപകടത്തെ അപകടമായി കാണണം. യുഡിഎഫ് നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുന്നു. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കോൺഗ്രസിന് സ്വന്തം രാഷ്ട്രീയ നിലപാടിൽ വിശ്വാസമില്ല. യുഡിഎഫ് ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും എ. വിജയരാഘവൻ പ്രതികരിച്ചു.

SCROLL FOR NEXT