
ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും എതിരായ കേസിനെ ചൊല്ലി വൻവിവാദം. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയെന്ന ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, ക്യൂആർ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചതിൻ്റെ പ്രതികാരമായാണ് ജീവനക്കാരികളുടെ പരാതി എന്ന് കൃഷ്ണകുമാർ ആരോപിച്ചു. ന്യൂസ് മലയാളം പുറത്തുവിട്ട വീഡിയോയിൽ ജീവനക്കാരികൾ കുറ്റം സമ്മതിച്ച് മാപ്പ് ചോദിക്കുന്നത് വ്യക്തമാണ്.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ആഭരണങ്ങളും സാരിയും വിൽക്കുന്ന ഓ ബൈ ഓസി എന്ന സ്ഥാപനമാണ് വിവാദങ്ങളുടെ കേന്ദ്ര സ്ഥാനം. ഇവിടെ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാർ സ്ഥാപനത്തിൻ്റെ ക്യൂആർ കോഡിന് പകരം, സ്വന്തം ക്യൂആർ കോഡിലേക്ക് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി എന്നാണ്, കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ പരാതി.
സ്ഥാപനത്തിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇത്തരങ്ങൾ 69 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നും ദിയ മ്യൂസിയം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ കൃഷ്ണകുമാറും ദിയയും ചേർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങി എന്നാണ് ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇത് പ്രകാരമാണ് മ്യൂസിയം പൊലീസ് കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കും എതിരെ കേസ് എടുത്തത്.
ന്യൂസ് മലയാളം ഇന്ന് രാവിലെ ഈ വാർത്ത പുറത്തുവിട്ടതിന് പിന്നാലെ ഇരുപക്ഷവും തെളിവുകൾ നിരത്തി വാർത്താസമ്മേളന പരമ്പര തന്നെ നടത്തി. കൃഷ്ണകുമാറും ദിയയും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ദൃശ്യങ്ങളും പുറത്തുവിട്ടു. സ്വന്തം ഫോണിലെ ക്യൂആർ കോഡ് കസ്റ്റമേഴ്സിന് നൽകുന്നത് സിസിടിവിയിലുണ്ട്.
പൈസ അപഹരിച്ചു എന്ന് ജീവനക്കാരികൾ സമ്മതിക്കുന്നതാണ് മൊബൈൽ വീഡിയോയിൽ ഉള്ളത്. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിൻ്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിയുമായി എത്തിയപ്പോൾ മ്യൂസിയം സിഐ വൈരാഗ്യപൂർവം പെരുമാറി എന്ന് കൃഷ്ണകുമാർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇനി പ്രതീക്ഷ എന്നും കൃഷ്ണകുമാർ പറഞ്ഞു.
എന്നാൽ മൂന്ന് ജീവനക്കാരികളും നേരിട്ടെത്തി ദിയയ്ക്ക് എതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയെന്നാണ് ഇവരുടെ വാദം. സ്വന്തം ക്യൂആർ കോഡിലേക്ക് പണം വാങ്ങിയത് ദിയ തന്നെ ആവശ്യപ്പെട്ടിട്ടാണ്. നികുതി പ്രശ്നം ഒഴിവാക്കാനാണ് ദിയ ഇങ്ങനെ ആവശ്യപ്പെട്ടതെന്നും ജീവനക്കാരികൾ പറഞ്ഞു. ദിയ ജീവനക്കാരോട് പെരുമാറിയത് ജന്മിയെ പോലെയാണ്. ജാതീയമായി ദിയ ആക്ഷേപിച്ചെന്നും ജീവനക്കാരികൾ ആരോപിച്ചു.
ദിയ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് 20 സെക്കൻ്റ് വീഡിയോയും ജീവനക്കാരികൾ പുറത്തുവിട്ടു. തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട ദിയ ആരോപണങ്ങൾ പൂർണമായി തള്ളി. ജാതി അധിക്ഷേപത്തിന് തെളിവ് എവിടെയെന്ന് ദിയ ചോദിച്ചു. ജീവനക്കാരികൾ നൽകിയ 20 സെക്കൻ്റ് വീഡിയോയുടെ പൂർണരൂപം ന്യൂസ് മലയാളം പുറത്തുവിട്ടു. പണം എടുത്തെന്ന് ജീവനക്കാരികൾ പറയുന്നതും അതിനോട് അതിരൂക്ഷമായി ദിയ പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി മതിയെന്ന നിലപാടിലാണ് പൊലീസ്.