മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർക്കും പാർട്ടി എംഎൽഎമാർക്കുമെതിരെ ഫ്രറ്റേണിറ്റി രംഗത്ത്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ സമാന രീതിയാണ് യുഡിഎഫും പിന്തുടരുന്നത്. 10 വർഷം കൊണ്ട് ശരിയാക്കാത്തത് 10 ദിവസം കൊണ്ട് നേടിയെന്ന പിആർ വർക്കാണ് ലീഗ് മന്ത്രിമാർ നടത്തുന്നതെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.
സത്യത്തിൽ എൽഡിഎഫിൻ്റെ തുടർച്ചയാണ് ഇവർ പിന്തുടരുന്നത്. ലീഗ് എംഎൽഎമാരായ പി.കെ. നവാസും, ടി.പി. അഷ്റഫ് അലിയും സോഷ്യൽ മീഡിയയിലൂടെ പിആർ വർക്ക് നടത്തുകയാണ്. ഭരണം ലഭിച്ചപ്പോൾ ഓന്ത് നിറം മാറും പോലെ മാറിയെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹാദി ഹസൻ ആരോപിച്ചു. ജില്ലയിൽ നിന്ന് വർഷംതോറും പതിനായിരക്കണക്കിന് കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറങ്ങുന്നത്. എന്നാൽ സീറ്റുകളുടെ അപര്യാപ്ത മൂലം ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
എൽഡിഎഫ് സർക്കാർ വിവിധ ഘട്ടങ്ങളിലായി കൊണ്ടുവന്ന മാർജിനൽ സീറ്റ് ക്രമീകരണം യുഡിഎഫ് സർക്കാർ ഒരുമിച്ചു കൊണ്ടുവന്നു. ലീഗ് എംഎൽഎമാരായ പി കെ നവാസും, ടിപി അഷ്‌റഫലിയും പഴയ ആവശ്യം മറന്നുവെന്നും ആരോപണം.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണയാണ് ഫ്രറ്റേണിറ്റി നൽകിയിരുന്നു. ലീഗ് മന്ത്രിമാർ ഇത്തരത്തിലുള്ള നിലപാട് തുടർന്നാൽ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അവർ താക്കീത് നൽകി. മലപ്പുറം വിഭജനം ഉൾപ്പെടെ നിരവധി വിഷയങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളുടെയും, കെഎസ്ആർടിസി ബസുകളുടെയും കുറവും ഇവർ ലീഗ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.