മാമിയുടെ മകൾ അദീബ നൈന, മാമി Source: News Malayalam 24x7
KERALA

'ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയണം, അന്വേഷണത്തിലെ വീഴ്ച ആദ്യം തന്നെ പറഞ്ഞിരുന്നു'; മാമിയുടെ മകൾ അദീബ നൈന

അന്വേഷണം വേഗത്തിൽ നടത്തണമെന്നും മാമിയുടെ മകൾ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മാമി തിരോധാനക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നതായി കാണാതായ മാമിയുടെ കുടുംബം. ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയണമെന്നും അന്വേഷണം വേഗത്തിൽ നടത്തണമെന്നും മാമിയുടെ മകൾ അദീബ നൈന ആവശ്യപ്പെട്ടു.

മാമി തിരോധാന കേസിൻ്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് തന്നെ കുടുംബവും, ആക്ഷൻ കമ്മറ്റിയും ഇക്കാര്യം പറഞ്ഞിരുന്നതായി മാമി തിരോധാന കേസിലെ ആക്ഷൻ കമ്മറ്റി അംഗമായ അസ്ലമും വെളിപ്പെടുത്തി.കാണാതാകുമ്പോൾ മാമി പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നില്ല.പിന്നീട് പോയി പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾക്ക് സാങ്കേതിക പ്രശ്നം ആണ് പറഞ്ഞത്.മാമിയെ കാണാതായ സിഡി ടവറിലെ സിസിടിവി പോലും പരിശോധിച്ചില്ലെന്നും അസ്ലം കുറ്റപ്പെടുത്തി.

കാണാതായതിന് ശേഷം പൊലീസ് അല്ലാത്ത ചിലർ അവിടെ ചെന്ന് സിസിടിവി പരിശോധിച്ചു എന്ന് വിവരം ലഭിച്ചിരുന്നു.ഇത് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മാമിയുടെ ഡ്രൈവർ റെജിയുടെ സാന്നിധ്യവും, ഫോൺ കോൾ വിശദാംശവും പരിശോധിച്ചില്ലെന്നും അസ്ലം ആരോപിച്ചു. കുടുംബത്തോട് പോയി പരിശോധിക്കാൻ ആണ് പൊലീസ് പറഞ്ഞത്.

നടക്കാവ് പൊലീസ് മാത്രമല്ല വീഴ്ച വരുത്തിയത്. കേസ് അട്ടിമറിക്കാൻ ആരാണ് സമ്മർദം ചെലുത്തിയത് എന്ന് കൂടി അന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഒരു വർഷമായി. അന്വേഷണം നടക്കുന്നുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരമെന്നും അസ്ലം അറിയിച്ചു.

2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടുകയായിരുന്നു.

SCROLL FOR NEXT