KERALA

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

അതിന് പുറമെ, അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പേരൂർക്കട സ്വദേശിയായ സുരേഷ് കുമാറിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. വിചാരണയ്ക്ക് ഒടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി കഠിനതടവും പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിന് പുറമെ, അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും (ഡി.എൽ.എസ്.എ) കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

2021 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിന്റെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി ക്രൂരകൃത്യം നടത്തുകയായിരുന്നു. വിചാരണ വേളയിൽ, ആരുടെയും സഹായമില്ലാതെ തനിക്ക് നേരിട്ട ദുരനുഭവം കോടതിക്ക് മുന്നിൽ കൃത്യമായി വിവരിച്ച മൂന്നര വയസ്സുകാരിയുടെ മൊഴി കേസിൽ അതിനിർണ്ണായകമായി. കുഞ്ഞിന്റെ നിശ്ചയദാർഢ്യവും വ്യക്തതയും കോടതിയുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആകെ 28 സാക്ഷികളുണ്ടായിരുന്ന കേസിൽ എല്ലാവരെയും പ്രോസിക്യൂഷൻ വിസ്തരിക്കുകയും 31 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ.എസ്. സുരേഷ് കുമാർ ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്ത് അലി ഹാജരായി. പ്രോസിക്യൂഷൻ എയ്ഡ് സുനിതയും നടപടികളിൽ സഹായിയായി.

SCROLL FOR NEXT