വിപഞ്ചികയുടേയും കുഞ്ഞിൻ്റെയും മരണം: വിദേശത്തുള്ള ഭർതൃപിതാവിന് ഇടക്കാല മുൻകൂർ ജാമ്യം

ഹർജി പരിഗണിക്കുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്
വിപഞ്ചിക
വിപഞ്ചിക NEWS MALAYALAM 24x7
Published on: 
Updated on: 

കൊല്ലം: ഷാർജയിൽ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദേശത്തുള്ള ഭർതൃപിതാവ് മോഹനന് ഇടക്കാല മുൻകൂർ ജാമ്യം. കേസിലെ രണ്ടാം പ്രതിയായ മോഹനന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. നേരത്തെ മോഹനൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

2025 ജൂലൈ 9നാണ് കൊല്ലം സ്വദേശിനിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിപഞ്ചികയുടെ മാതാവ് ഷൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് നിതീഷ്, ഭർതൃപിതാവ് മോഹനൻ, ഭർതൃസഹോദരി നീതു എന്നിവർക്കെതിരെ കേരളത്തിൽ കേസെടുത്തത്.

വിപഞ്ചിക
കാണാതായ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ ചൊല്ലി വിവാദം; ഗുരുതര അനാസ്ഥയെന്ന് എൽഡിഎഫ്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി കെ. രാജൻ

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിപഞ്ചികയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ പീഡനമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭർത്താവും കുടുംബാംഗങ്ങളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. വിപഞ്ചികയുടെ പേരിൽ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിലും ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് നിതീഷും മൂന്നാം പ്രതിയായ നീതുവും നിലവിൽ വിദേശത്ത് തുടരുകയാണ്.