പാലക്കാട്: എലപ്പുള്ളി തേനാരിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് മർദനമേറ്റത്. ഇയാളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരപ്പള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകേഷിന്റെ വീട്ടിൽ നടന്ന ആക്രമണത്തിൽ വിപിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
തന്നെ ആദ്യം ബൈക്കിൽ കയറ്റിക്കൊണ്ടുപോയി, ശേഷം റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നും ആക്രമണം നേരിട്ട വിപിൻ വിനോദ് പറഞ്ഞു. കത്തികൊണ്ട് കൊല്ലാൻ ശ്രമം നടന്നു. പരാതി കൊടുത്താലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നുലക്ഷം രൂപയുടെ പലിശപ്പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആദ്യം മർദിച്ചത്. പിന്നാലെ പ്രതി ശ്രീകേഷിൻ്റെ വീട് ആക്രമിച്ചത് താനാണെന്ന് പറഞ്ഞും മർദിച്ചു. ശ്രീകേഷും ഗിരീഷും ശ്രീകേഷിൻ്റെ അമ്മയും ചേർന്നു വസ്‌ത്രം ഊരി. ആരോഗ്യപ്രശ്‌നം കാരണമാണ് പൊലീസിൽ പരാതി നൽകിയതെന്നും വിപിൻ പ്രതികരിച്ചു.