പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ഉടനെ മകരജ്യോതി തെളിയിക്കും. ഇത്തവണ രണ്ട് ലക്ഷത്തിലധികം ഭക്തർ മകരവിളക്ക്, മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് കണക്ക്. അതേസമയം, മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചുകഴിഞ്ഞു.
പാണ്ടിത്താവളം, കൊപ്രാക്കളം, അന്നദാന മണ്ഡപം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, ജലസംഭരണി എന്നിവിടങ്ങളിലാണ് ജ്യോതി കാണാൻ തീർഥാടകർ പർണശാലകൾ കെട്ടിയിട്ടുള്ളത്. ബുധനാഴ്ച വൈകിട്ട് 3.08ന് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികരാകും.
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന നെയ്യാണ് സംക്രമ പൂജയിൽ അഭിഷേകം ചെയ്യുന്നത്. വൈകിട്ട് 6.40നാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. ഇതിന് മുന്നോടിയായി തിരുവാഭരണ വാഹകസംഘം 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സോപാനത്തെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കും.
പുല്ലുമേട് അടക്കം മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കും വാഹനങ്ങൾക്കും ബുധനാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ-നിലയ്ക്കൽ പാതയിൽ രാവിലെ 10 വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. രാവിലെ 11 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല. ബുധനാഴ്ച വെർച്വൽ ക്യൂവഴി 30,000 ഭക്തർക്കും സ്പോട് ബുക്കിങ് വഴി 5000 പേർക്കും മാത്രമാണ് പ്രവേശനം. സുരക്ഷാ ക്രമീകരണങ്ങൾക്കായി 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തീർഥാടകരുടെ മടക്കയാത്രക്കായി 1000 ബസുകൾ കെ.എസ്.ആർ.ടി. സിയും ക്രമീകരിച്ചിട്ടുണ്ട്.
അതേസമയം, മകരവിളക്ക് ദിവസമായ ഇന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല. ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥവും വിദ്യാർഥകളുടെ സുരക്ഷ പരിഗണിച്ചുമാണ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചത്.