KERALA

കേരളത്തിനു കിട്ടി കേന്ദ്രംവക ഓണത്തല്ല്: പാലക്കാട് ഡിവിഷന്‍ വിഭജനം ഏകപക്ഷീയ തീരുമാനം; പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ അറിയിക്കുകയോ, ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്-പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാന്‍ തീരുമാനം. ഇതോടെ മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് പോകും. ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്. പാലക്കാട് ഡിവിഷന്റെ വരുമാനമാര്‍ഗം ഇല്ലാതാക്കുന്നതാണ് റെയില്‍വേയുടെ നടപടി. റെയില്‍വേയുടേത് ഏകപക്ഷീയ തീരുമാനമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ അറിയിക്കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. തീരുമാനം പുനഃപരിശോധിക്കണം. പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയ ഉത്തരവു പ്രകാരം, മംഗലാപുരം ഡിവിഷന്‍ സതേണ്‍ റെയില്‍വേസില്‍നിന്ന് മാറി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഭാഗമാകും. ഇതോടെ കോടികളുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. മംഗലാപുരം തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകൾ കൊണ്ടു പോകുന്ന സ്റ്റേഷനാണ് പനമ്പൂർ. പനമ്പൂർ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്കു മാറുന്നതോടെ ചരക്കുനീക്കം കൊണ്ടുണ്ടാകുന്ന വരുമാനം ഇല്ലാതാകും. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍ ഉള്‍പ്പെടെ വലിയ വരുമാനമുള്ള സ്റ്റേഷനുകളും പോകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം കൂപ്പുകുത്തും. വരുമാനം കുറഞ്ഞ ഡിവിഷനായി മാറുന്നത് പുതിയ സര്‍വീസുകള്‍ക്കും, മറ്റു വികസന പദ്ധതികള്‍ക്കുമൊക്കെ വിലങ്ങുതടിയുമാകും. മാത്രമല്ല, കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരൂ ഡിവിഷന്റെ അനുമതി വേണ്ടിവരും.

അതേസമയം, മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള റെയിൽവേ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. റെയില്‍വേയുടേത് ഏകപക്ഷീയ തീരുമാനമാണ്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ അറിയിക്കുകയോ, ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും കത്തയയ്ക്കും. എംപിമാരുടെ സഹകരണത്തോടെ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. കേരളത്തിലെ എംപിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിരുന്നു. അര്‍ധരാത്രിയിലെ നീക്കം വാക്ക് ലംഘനമാണ്. പാലക്കാട് റെയിൽവേ ഡിവിഷനെ തകർക്കാനാണ് മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കിയത്. വരുമാനവും, ഫണ്ടും കുറച്ച് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഡിവിഷൻ വിഭജിച്ചുകൊണ്ടുള്ള റെയിൽവേ ബോർഡ് ഉത്തരവ് തികച്ചും അന്യായവും മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരവുമാണെന്ന് എം.കെ. രാഘവൻ എംപിയും പ്രതികരിച്ചു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും റെയിൽവേ ബോർഡ് ചെയർമാനോടും എം.കെ. രാഘവൻ ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന്റെ സാമ്പത്തികശേഷി കുറയുന്നതിനൊപ്പം, പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനും വികസ പദ്ധതികള്‍ക്കും അത് തടസമാകുമെന്നും എം.കെ. രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT