മാർ ജോസഫ് പാംപ്ലാനി Source: News Malayalam 24x7
KERALA

"യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം, 25ന് മുൻപ് വിവാഹം കഴിക്കണം"; വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരവുമായി മാർ ജോസഫ് പാംപ്ലാനി

കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലായിരുന്നു പാംപ്ലാനിയുടെ പ്രസംഗം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിശ്വാസികളുടെ എണ്ണം കുറയുന്നത് മൂലം പ്രതിസന്ധിയിലായ സിറോ - മലബാർ സഭയിലെ യുവാക്കള്‍ക്ക് നിർദേശങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം. 25 വയസിന് മുൻപ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മെത്രാപ്പൊലീത്ത. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് മെത്രാപ്പോലീത്തയുടെ ആഹ്വാനം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലായിരുന്നു പ്രസംഗം.

"അച്ചന്‍മാരും കന്യാസ്ത്രീകളുമാണ് ഞങ്ങള്‍ക്ക് കല്യാണം സമയത്തിന് നടക്കാതെ പോകാന്‍ കാരണം എന്ന് ഒരു 40കാരന്‍ എന്നോട് വഴക്കുകൂടി പറഞ്ഞു. ഒരു 18 വയസിന് ശേഷം നിങ്ങള്‍ പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി കാണേണ്ടകാര്യമില്ല," പാംപ്ലാനി പറഞ്ഞു. മാതാപിതാക്കളല്ല യുവാക്കൾ തന്നെ പങ്കാളിയെ തേടിപ്പിടിക്കണം. സമുദായത്തിലെ ആൺകുട്ടികൾ നാണം കുണുങ്ങികളും, താഴോട്ട് നോക്കിയിരിക്കുന്നവരാണെന്നും മെത്രാപ്പോലീത്ത വിമർശിച്ചു.

വിദേശത്തേക്ക് പഠിക്കാൻ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകർക്കുകയാണെന്നും മെത്രാപ്പോലീത്ത വിമർശിച്ചു. യുവാക്കള്‍ വിദേശത്തേക്ക് പോകുന്ന പ്രവണതയോട് കടുത്ത വിയോജിപ്പാണ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചത്. 30ഉം 40ഉം ലക്ഷം രൂപ ലോണ്‍ എടുത്ത് യുവജനങ്ങള്‍ വിദേശത്ത് പലായനം ചെയ്യുന്ന വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്ന് പാംപ്ലാനി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT