എറണാകുളം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരായ വ്യാജ പ്രചാരണങ്ങൾ പിൻവലിച്ച് മാപ്പുപറഞ്ഞ് യൂട്യൂബർ ഷാജൻ സ്കറിയ. പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുകയാണെന്ന് വിശദീകരണ വീഡിയോ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമർശങ്ങളിൽ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാപണവുമായി ഷാജൻ സ്കറിയ രംഗത്ത് വരുന്നത്.
യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജൻ സ്കറിയയുടെ ആരോപണങ്ങൾ. 2020 നവംബർ 21ന് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിലെ പരാമർശങ്ങളാണ് പിൻവലിച്ചത്. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജൻ സ്കറിയയുടെ വിശദീകരണം.